കലാഭവൻ നവാസ്: അസ്വഭാവിക മരണം
കലാഭവൻ നവാസിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചോറ്റാനിക്കര പോലീസാണ് കേസെടുത്തത്.
ഇന്നലെ രാത്രി സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
നവാസിൻ്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടൽ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ നവാസിനെ തിരക്കി. മുറി തുറന്നപ്പോൾ വാതിലിനോട് ചേർന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് ഉറപ്പിച്ച ജീവനക്കാർ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.