ചാരു മജുംദാർ ഓർമ്മയായിട്ട് 53 വർഷങ്ങൾ
ഓർമ്മ ഉറച്ചുവരുമ്പോഴേക്ക് ചാരു മജൂംദാർ മരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, എപ്പോഴും കേട്ട് ആ പേര് അതിപരിചിതമായിരുന്നു. പൊടിപ്പും തൊങ്ങലും വച്ച എത്രയോ കഥകൾ !
കൊച്ചുമാമൻ്റെ മുറി പോലീസ് റെയ്ഡ് ചെയ്തപ്പോൾ ചാരു മജൂംദാറിൻ്റെ കത്ത് ലഭിച്ചിരുന്നു എന്നും കൽക്കട്ടയിൽവച്ച് അവർ തമ്മിൽ കണ്ടിരുന്നുവെന്നും അതിൻ്റെ വിവരങ്ങൾ പോലീസിന് അറിയാമായിരുന്നു എന്നുമൊക്കെ പലരും പറഞ്ഞു കേട്ടു. അതേക്കുറിച്ച് കൊച്ചുമാമൻ പറഞ്ഞ് ഒന്നും കേട്ടിട്ടില്ല. കൊച്ചുമാമൻ്റെ മുറിയിൽനിന്ന് ചാരു മജൂംദാറിൻ്റെ കത്ത് കിട്ടിയപ്പോൾ ഉയർന്ന പോലീസ് ഉദ്യോസ്ഥൻ്റെ excitement കണ്ട ഒരു പോലീസുകാരൻ ആരാണ് ഈ ചാരു മഞ്ജുള എന്ന സ്ത്രീ എന്ന് ചോദിച്ചതായി ഒരു ഫലിതവും കേട്ടു. സത്യമോ വെറും തമാശയോ എന്നറിയില്ല.
ചാരു മജൂംദാറിൻ്റെ മരണവാർത്ത കേട്ട് ബോധംകെട്ടുവീണ് പിന്നീട് മാനസിക ചികിത്സ തേടേണ്ടിവന്ന ഒരാളെ പരിചയപ്പെട്ടിട്ടുണ്ട്. കടുത്ത ഹൃദയസ്തംഭനം മൂലമായിരുന്നു ചാരു മജൂംദാർ മരണമടഞ്ഞതെന്ന പോലീസ് ഭാഷ്യം ആരും വിശ്വസിച്ചില്ല. കസ്റ്റഡിയിൽ വച്ച് മരുന്ന് ലഭിക്കാത്തതുകൊണ്ടാണ് ആ മരണം സംഭവിച്ചതെന്നായിരുന്നു പൊതുവേ എല്ലാവരും ധരിച്ചിരുന്നത്.
1970കൾ വിമോചനത്തിൻ്റെ ദശകം ആയി മാറുമെന്ന ചാരു മജൂംദാറിൻ്റെ വാക്കുകൾ അക്ഷരംപ്രതി അതുപോലെ സംഭവിക്കുമെന്ന് വിശ്വസിച്ച് എന്തിനും തയ്യാറായി എടുത്തുചാടിയ യുവാക്കളിൽ പലരും പിന്നീട് വിമോചനത്തിൻ്റെ പാതകൾ കണ്ടെത്താൻ സ്വന്തം മാർഗങ്ങൾ തേടി. നക്സൽബാരി കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, ആ കലാപവും അതിനെ തുടർന്നുണ്ടായ നിരവധി മുന്നേറ്റങ്ങളും സൃഷ്ടിച്ച സാമൂഹ്യ പ്രത്യാഘാതങ്ങളും സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ടു മാത്രമേ ചാരു മജൂംദാറിനെയും സഖാക്കളെയും വിലയിരുത്താൻ കഴിയൂ.
നിലനില്ക്കുന്ന വ്യവസ്ഥിതിയോടുള്ള കഠിനമായ അമർഷവും വിപ്ലവത്തോടുള്ള തീവ്രമായ പ്രതിബദ്ധതയും പൂർണമായ ആത്മസമർപ്പണവുമായിരുന്നു ചാരു മജൂംദാറിൻ്റെ മുഖമുദ്രകൾ. ഒടുങ്ങാത്ത വിപ്ലവവീര്യത്തിൻ്റെ പ്രതീകമായി ചാരു മജൂംദാർ ചരിത്രത്തിൽ എന്നും നിലനില്ക്കും.
ചാരു മജൂംദാർ പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞിട്ട് ഇന്ന് (ജൂലൈ 28) 53 വർഷം തികയുന്നു.
(ടി.കെ. വിനോദൻf b യിൽ കുറിച്ചത് )-Editor