പുതിയ DGP; മനോജ് എബ്രഹാമും എം.ആർ അജിത് കുമാറും പുറത്ത്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കേന്ദ്രം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ സംസ്ഥാനസർക്കാർ നിർദ്ദേശിച്ച മനോജ് എബ്രഹാമും എം ആർ അജിത് കുമാറും ഇടം നേടിയില്ല. നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരെയാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത് . ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയത്. ഇതിലെ ആദ്യത്തെ മൂന്നു പേരുകളാണ് കേന്ദ്രം പരിഗണിച്ചത്.
ഡൽഹി യുപിഎസ് സി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് കേന്ദ്രം മൂന്നംഗ പട്ടിക തയ്യാറാക്കിയത് . സംസ്ഥാനം സമർപ്പിച്ച പട്ടികയിൽ ഉണ്ടായിരുന്ന എഡിജിപി മാരെ കേന്ദ്രസർക്കാർ പരിഗണിച്ചതേയില്ല . സംസ്ഥാനത്തിന്റെ പട്ടികയിലെ നാലാമനും ഡിജിപി റാങ്കുകാരനുമായ മനോജ് എബ്രഹാമിനെയും കേന്ദ്രം പരിഗണിച്ചില്ല.
അതേസമയം സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉണ്ടായിരുന്ന ബറ്റാലിയൻ എഡിജിപി എംആർ അജിത് കുമാർ , പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരെയും കേന്ദ്രം പരിഗണിച്ചിട്ടില്ല.
ഡിജിപി റാങ്കുകാരെ മാത്രമേ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കൂ എന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇത് അംഗീകരിക്കാതെയാണ് എഡിജിപി മാരെ കൂടി ഉൾപ്പെടുത്തി സംസ്ഥാനം പട്ടിക സമർപ്പിച്ചത്. ഡൽഹിയിൽ നടന്ന യോഗത്തിൽ പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർബേഷ് സാഹിബ് ചീഫ് സെക്രട്ടറി എ വിജയതിലക്എന്നിവരും പങ്കെടുത്തു . കേന്ദ്രസർക്കാർ അംഗീകരിച്ച മൂന്നംഗ ചുരുക്കപ്പെട്ടിയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രി ഡിജിപി ആയി ഉടൻ നിയമിക്കും. ഈ മാസം 30നാണ് നിലവിലെ ഡിജിപി ദർവേഴ്സ് സാഹിബ് സ്ഥാനമൊഴിയുന്നത്.