ഭാര്യയും ഭർത്താവും മരിച്ച നിലയിൽ
കൊല്ലം: അഞ്ചൽ വിളക്കുപാറയിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു.
ഇന്ന് ഉച്ചതിരിഞ്ഞാണ് റെജിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും പ്രശോഭയെ അടുക്കളയിൽ രക്തം വാർന്ന് മരിച്ചനിലയിലും കണ്ടത്. റബർ ടാപ്പിംഗ് തൊഴിലാളികളായിരുന്നു ഇരുവരും. ഇന്ന് പലതവണ മകൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതോടെ ഭർത്താവിനൊപ്പം വീട്ടിലെത്തിയപ്പോഴാണ് റെജി തൂങ്ങി നിൽക്കുന്നത് കണ്ടത്.
പ്രദേശവാസികളെ കൂട്ടി കതക് തുറന്ന് നോക്കിയപ്പോൾ പ്രശോഭയെ കൊല്ലപ്പെട്ട നിലയിലും കാണപ്പെട്ടു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.