മനുഷ്യാവകാശത്തിന്റെ കാവലാൾ; സൗമന്യായ സാനു മാസ്റ്റർ വിടവാങ്ങി
മലയാളത്തിലെ പ്രമുഖ സാഹിത്യനിരൂപകനും എഴുത്തുകാരനുമായ എംകെ സാനു അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സാനു മാഷിന്റെ മരണത്തോടെ നഷ്ടമായത് മലയാള സാഹിത്യ ലോകത്തെ കാരണവരില്‍ ഒരാളാണ്.
കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നു.
ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്ന സാനു മാഷ് ജീവചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മുപ്പത്തിയാറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് എ.എൽ ജേക്കബിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്ര എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1991-ല്‍ കൊല്ലത്തെ കുങ്കുമം വാരികയില്‍ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. 1997 ല്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ശ്രീ നാരായണ ചെയറില്‍ സാനുമാഷ് നിയമിക്കപ്പെട്ടു.
കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ സ്ഥിതി ചെയ്യുന്ന മാനസിക വൈകല്യമുള്ളവര്‍ക്കായുള്ള ഒരു സ്‌കൂളായ മിത്രത്തിന്റെ സ്ഥാപക അംഗവുമാണ്.
1926 ഒക്ടോബര്‍ 27ന് പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. 1955 ലും 1956 ലും സാനു കൊല്ലം ശ്രീ നാരായണ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അധ്യാപകനായിരുന്നു. 1983 ല്‍ പ്രൊഫസറായാണ് മാഷ് വിരമിച്ചത്. 1984 ല്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ല്‍ കേരള സര്‍വകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു
2011- ല്‍, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാര്‍ഡ് നേടി. 2011 ല്‍ ‘ബഷീര്‍: ഏകാന്ത വീഥിയിലെ അവധൂതന്‍’ ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. ഇന്റര്‍നാഷണല്‍ ബോഡി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.