മഴയിൽ മതിലിടിഞ്ഞ് ഏഴു പേർ മരിച്ചു
ന്യൂഡൽഹി: തെക്ക് – കിഴക്കൻ ഡൽഹിയിൽ കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞ് വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു. ജയത് പൂരിലെ ഹരിനഗറിലാണ് സംഭവം. മൂന്ന് പുരുഷൻ മാരും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നതായി ദില്ലി പോലീസ് സ്ഥിരീകരിച്ചു. രവിബുൾ(27), റുബീന (25), സഫി കുൽ(27), മുട്ടൂസ് (50), സോളി (28) എന്നിവരാണ് മരിച്ച മറ്റുള്ളവർ . 25-കാരനായ ഹസിബുൾ എന്നയാൾക്ക് ഗുരുതരമായ പരിക്കേറ്റു. തകർന്ന മതിലിനടിയിൽ എട്ടു പേരും കുടുങ്ങിപ്പോവുകയായിരുന്നു.
എട്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴു പേരും മരണപ്പെട്ടു. പ്രദേശത്തെ പഴയ ക്ഷേത്രത്തിനടുത്ത് ആക്രി കച്ചവടം നടത്തുന്നവർ താമസിക്കുന്നയിടത്താണ് അപകടമുണ്ടായത്. കൂടുതൽ അപകടം ഒഴിവാക്കാൻ ബാക്കിയുള്ള താമസക്കാരെ അധികൃതർ മാറ്റി പാർപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹിയിൽ കനത്ത മഴ തുടരുകയായിരുന്നു. വസന്ത് കുഞ്ച് , ആർ.കെ പുരം, കൊണാട്ട് പ്ലേസ്, മിന്റോ ബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഗതാഗത കുരുക്കുമുണ്ടായി. ആഗസ്റ്റ് 12-വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.