മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്
തുടർചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് തിരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പുലർച്ചെ നാല് മണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യയും അമേരിക്കയിലേക്ക് പുറപ്പെട്ടത്. ദുബായ് വഴിയാണ് അദ്ദേഹത്തിന്റെ യാത്ര.
നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് യാത്ര. പത്ത് ദിവസത്തോളമാകും മുഖ്യമന്ത്രി യുഎസിൽ തങ്ങുക.മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാന ഭരണ നിയന്ത്രണത്തിന് മറ്റ് മന്ത്രിമാരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
മിനിയോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ചതിലുൾപ്പെടെ ആരോഗ്യ രംഗത്തെ പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്.