വയനാട്ടിലും ബജ്റംഗദൾ ഭീഷണി; പാസ്റ്ററെ തടഞ്ഞു
കല്‍പ്പറ്റ: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മോചിതരാകുകയും ചെയ്തതിന് പിന്നാലെ വയനാട്ടില്‍ നിന്ന് മറ്റൊരു വാര്‍ത്ത. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുതിയ സാഹചര്യത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്.
സുല്‍ത്താന്‍ ബത്തേരി ടൗണിലെ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് വന്ന പാസ്റ്റര്‍ക്ക് നേരെയാണ് കൈയ്യേറ്റവും ഭീഷണിയുമുണ്ടായത്. വെക്കേഷന്‍ സമയത്ത് സംഘടിപ്പിക്കുന്ന ക്ലാസിലേക്ക് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ക്ഷണിക്കാന്‍ എത്തിയതായിരുന്നുവത്രെ പെന്തകോസ്ത് വിഭാഗത്തില്‍പ്പെട്ട പാസ്റ്റര്‍. വീഡിയോ പ്രചരിച്ചതോടെ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു.
ആരുടെ പേരിലാണ് ആക്ഷന്‍ സോങ്, ക്വിസ് മല്‍സരത്തില്‍ ആരുടെ ക്വിസ് ആണ് ചോദിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പാസ്റ്ററുടെ വാഹനം തടഞ്ഞുനിര്‍ത്തി ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭഗവത് ഗീതയില്‍ നിന്നോ രാമായണത്തില്‍ നിന്നോ ആണോ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അല്ലല്ലോ.. തുടങ്ങിയ കാര്യങ്ങളും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററോട് ചോദിക്കുന്നു. പാസ്റ്റര്‍ എതിര്‍ക്കുന്നത് വീഡിയോയില്‍ കാണുന്നില്ല.
അതിനിടയിലാണ് ഇവനെ അടിക്കുകയല്ല, കാല് വെട്ടുകയാണ് വേണ്ടത് എന്ന് അക്രമി സംഘത്തിലുള്ളവര്‍ പറയുന്നത്. പാസ്റ്ററെ ഒരാള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും തള്ളുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ സംഘത്തിലുള്ളവരില്‍ ചിലര്‍ ഇത് തടയാനും ശ്രമിക്കുന്നു. ഈ വീഡിയോ പ്രചരിച്ചതോടെ വിവാദം പുകയുകയാണ്.
ബത്തേരി പോലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ല എന്നാണ് പോലീസില്‍ നിന്നുള്ള പ്രതികരണം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേസെടുക്കുമോ എന്ന് വ്യക്തമല്ല. പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്നാണ് പോലീസ് അനൗദ്യോഗികമായി പ്രതികരിച്ചത്. കല്‍പ്പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ദിഖ് ഇതിനെതിരെ രംഗത്തുവന്നു.