വീണ്ടും ന്യൂനമർദ്ദം,കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ ശക്തമാകും.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് വൈകിട്ട് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലും കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു.
ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് . കോട്ടയം,പത്തനംതിട്ട, എറണാകുളം, തൃശൂർ,പാലക്കാട് ,കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു . ഇടുക്കി,തൃശ്ശൂർ ,വയനാട് ജില്ലകളിലും കോതമംഗലം ഇരിട്ടി താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കക്കയം ഡാമിൽ
ജലനിരപ്പ് 2484 അടി ഉയർന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴ തുടർന്നാൽ ഡാമിന്റെ ഷട്ടർ തുറന്നു വെള്ളം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കും. കരിയാത്തുംപാറ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു