വയനാട് ദുരന്തം: മുസ്ലീം ലീഗ് 105 സ്നേഹ വീടുകൾ നിർമ്മാണം തുടങ്ങി
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന 105 സ്നേഹ വീടുകളുടെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം. തൃക്കൈപറ്റ വെള്ളിത്തോട് പദ്ധതിപ്രദേശത്ത് നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.
എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെ ഇതുവരെ സമാശ്വാസവുമായി കൂടെനിന്ന മുസ്ലിം ലീഗ് ഇനിയുമുണ്ടാകുമെന്നും എട്ടുമാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി വീട് അതിജീവിതര്‍ക്ക് കൈമാറുമെന്ന് തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാ യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവർ സംസാരിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചു.
ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച മുസ്ലിം ലീഗിന്റെ അഞ്ചാംഘട്ട പുനരധിവാസ പദ്ധതിയായാണ് സ്നേഹവീടുകള്‍ ഒരുങ്ങുന്നത്. ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയാണ് വീട് നിര്‍മാണം. തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് ഭവന പദ്ധതി. പദ്ധതി പ്രദേശത്ത് നിന്ന് കല്‍പ്പറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും.
11 ഏക്കര്‍ ഭൂമിയില്‍ 1000 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിക്കുക. വീണ്ടും 1000 സ്ക്വയര്‍ഫീറ്റ് കൂടി താങ്ങാന്‍ സാധിക്കുന്ന തറയാണ് ഒരുക്കുന്നത്. മൂന്ന് മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വീട്. ശുദ്ധജലും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.