വൈകല്യങ്ങളെ വെല്ലുവിളിച്ച് ഒരു മിടുക്കി
നേഹ ഡി തമ്പാൻ,
സവിശേഷതകൾ ഏറെയുള്ള മിടുക്കി കുട്ടി…
ഇംഗ്ലീഷിലും മലയാളത്തിലും സുന്ദരമായി കവിതകളെഴുതുന്ന, ഉയർന്ന രാഷ്ട്രീയ ബോധ്യങ്ങളുള്ള നേഹ രണ്ട് ബിരുദാനന്തരബിരുദങ്ങൾ കരസ്ഥമാക്കിയത്, ഭിന്നശേഷീയവസ്ഥകളോട് പൊരുതിയാണ്.
കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഇൻ്റർ നാഷണൽ റിലേഷൻസ് & ഡിപ്ലോമസിയിൽ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുമ്പോഴാണ് എനിക്ക് നേഹയെ പരിചയം. ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുള്ള നേഹയ്ക്ക് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം, കേരള സംസ്ഥാന ഭിന്ന ശേഷി കമ്മീഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
നേഹയുടെ അഞ്ചാമത്തെ പുസ്തകപ്രകാശനച്ചടങ്ങിൽ നേഹയുടെ അമ്മ, വി എസ് ജയയുടെ ആദ്യപുസ്തകത്തിൻ്റെ പ്രകാശനവും നടന്നു.
നേഹയുടെ മികവുകൾക്ക് കുടുംബാംഗങ്ങളുടെ പരിപൂർണ പിന്തുണയുണ്ടെങ്കിലും അവൾക്കൊപ്പമുള്ള അമ്മയുടെ സഞ്ചാരത്തിൻ്റെ കിതപ്പും വിയർപ്പും വാക്കുകളിലൊതുക്കാവുന്നതല്ല..
ജയ എഴുതിയ
‘ ജീവനില്ലാത്ത മീനുകൾ’ എന്ന കഥാസമാഹാരം പ്രകാശിപ്പിക്കാൻ നേഹ നിയോഗിച്ചത് എന്നെ ആയിരുന്നു എന്നത് സന്തോഷവും അഭിമാനവുമായി കരുതുന്നു. കാരണം, പെൺകരുത്തിൻ്റെ ചൂടും സൂക്ഷ്മനോട്ടങ്ങളും നിറഞ്ഞ ഒരു കഥാസമാഹാരത്തിൻ്റെ വായനയ്ക്ക് തുടക്കമിടാനായി എന്നതുതന്നെ ..
നേഹയുടെ വാക്കുകകളിൽ പറഞ്ഞാൽ,” ചെറുപ്പത്തിൽ നന്നായി എഴുതുമായിരുന്ന അമ്മ ഞാൻ ജനിച്ചപ്പോൾ മുതൽ എന്നെ എഴുതുകയായിരുന്നു.”…
നേഹയെ അറിയുന്നവർക്ക് അമ്മയെ അടയാളപ്പെടുത്താൻ ഇതിലേറെ ഉചിതമായ വാക്യം ഏതാണ്?
നേഹയുടെ അഞ്ചാമത്തെ കവിതാസമാഹാരം ‘ Inklets’ പ്രകാശനം ചെയ്തത്,
ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. പ്രേം കുമാർ ആയിരുന്നു. ബുക്കർ മീഡിയ പബ്ലിക്കേഷൻസ് ആണ് 2 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്.
വായനകൾ ഏറെയുണ്ടാകട്ടെ പുസ്തകങ്ങൾക്ക് …
അമ്മയ്ക്കും മകൾക്കും എഴുത്തിൻ്റെ വസന്തകാലം നേരുന്നു..
(കേരള സർവകലാശാല മലയാളം വകുപ്പി ലെ പ്രൊഫ.ഡോ: സീമ ജറോം fb യിൽ പങ്കുവെച്ചത് -Editor )