ധനം വേണ്ട, വധം മതിയെന്ന് തലാലിന്റെ സഹോദരൻ
ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, എംഎ യൂസഫലി, ബോബി ചെമ്മണ്ണൂര്‍.. അങ്ങനെ നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായവുമായി മുന്നിട്ടിറങ്ങിയ എല്ലാവരുടേയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചപ്പോള്‍ അനുനയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നുമെന്നും ആശ്വാസകരമായ തീരുമാനം ഉണ്ടാകും എന്നുമായിരുന്നു ഏവരുടേയും പ്രതീക്ഷ.
എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാവുകയാണ് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന കടുത്ത തീരുമാനത്തിലാണ് സഹോദരന്‍ എന്നാണ് വിവരം. ഇന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാല്‍ യെമനിലെ മതപണ്ഡിതരുമായുളള ബന്ധം ഉപയോഗിച്ച് കാന്തപുരം നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിയത്. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്നും ദയാധനം വേണ്ടെന്നുമാണ് സഹോദരന്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈകിയാലും ശിക്ഷ നടപ്പാക്കും എന്നാണ് പ്രതീക്ഷയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നു. കുടുംബത്തിലെ എല്ലാവരും സമ്മതിക്കാതെ നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ല.
വധശിക്ഷ മാറ്റി വെച്ചതായി തങ്ങള്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി പറയുന്നു. പണമടക്കം ഇതുവരെ തങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുന്ന ഒരു വാഗ്ദാനവും അംഗീകരിക്കാന്‍ തയ്യാറല്ലെന്നും വധശിക്ഷ തന്നെയാണ് വേണ്ടെതെന്നും മഹ്ദി വ്യക്തമാക്കുന്നു. ഒരു തരത്തിലുളള ഒത്തുതീര്‍പ്പിനും ഇക്കാര്യത്തില്‍ തയ്യാറല്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് വരെ ഈ കേസ് അവസാനിപ്പിക്കില്ലെന്നുമുളള നിലപാടിലാണ് മഹ്ദി.
അതേസമയം ഇന്നലെ വരെ തലാലിന്റെ സഹോദരന്‍ അനുരജ്ഞനത്തിന് തയ്യാറായിരുന്നുവെന്നും ഇന്നാണ് നിലപാട് മാറ്റിയത് എന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് സാമുവല്‍ ജോര്‍ജ് പറയുന്നു. അസ്ഥാനത്തുള്ള ഇടപെടലുകൾ അനുനയശ്രമങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. താൻ കുറേ നാളായി തലാലിന്റെ കുടുംബവുമായി അനുനയത്തിന് ശ്രമിക്കുന്നു. ഇതുവരെ തലാലിന്റെ സഹോദരൻ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ടോ എന്നും സാമുവൽ ചോദിക്കുന്നു.