വഞ്ചനാകുറ്റം.. നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ പൊലീസ് കേസ്. തലയോലപ്പറമ്പ് പൊലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാവീര്യര്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് ഷംനാസ് തന്റെ പരാതിയില്‍ ആരോപിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം നല്‍കി ഷംനാസില്‍ നിന്ന് ഒരു കോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ ഇത് മറച്ചുവെച്ച് ഇതേ സിനിമയുടെ വിദേശ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കി എന്നാണ് പരാതി.
മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്കാണ് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയത് എന്ന് പരാതിയില്‍ പറയുന്നു. നിവിന്‍ പോളിയുടെ ‘പോളി ജൂനിയര്‍ ‘ എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെ പേരില്‍ മുന്‍കൂറായി കൈപ്പറ്റി എന്നാണ് ആരോപണം. ഇതിലൂടെ തനിക്ക് ഒരു കോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഷംനാസിന്റെ പരാതി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്.
എന്നാല്‍ ഇതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. ഇതോടെ ഷംനാസിന്റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റു എന്നാണ് പരാതിയില്‍ പറയുന്നത്. വൈക്കം കോടതിയെ ആണ് ഷംനാസ് ആദ്യം പരാതിയുമായി സമീപിച്ചത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം തനിക്ക് കേസിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.