കന്യാസ്ത്രീകൾ പോലും സഭാവസ്ത്രം ഉപേക്ഷിക്കേണ്ട ദുരവസ്ഥ
ഡല്‍ഹി: കന്യാസ്ത്രീകൾക്കു പോലും ആചാര വേഷങ്ങൾ ഉപേക്ഷിച്ച് പുറത്തിറങ്ങേണ്ട ദുരവസ്ഥയെന്ന് കോൺഗ്രസ്സ് . രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരേ ആർഎസ്എസും സംഘപരിവാറും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഛത്തീസ്ഗഡിലുണ്ടായതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ കന്യാസ്ത്രീകൾക്കെതിരെയാണ് വ്യാജക്കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇതോടെ, പൊതുവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിച്ച് സാധാരണവേഷം ധരിക്കാൻ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം മുതിർന്ന വൈദികരിൽ നിന്ന് ലഭിച്ചെന്ന വിവരം കൂടി കേൾക്കുമ്പോഴാണ് രാജ്യം എത്രമാത്രം ഗുരുതരമായ നിലയിൽക്കൂടിയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാകുന്നത്.
സംഘപരിവാറിന്റെ പിന്തുണയോടെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളുടെ മറ്റൊരു രീതിയാണ് ഛത്തീസ്ഗഡിൽ കണ്ടത്. അവിടെ ബിജെപി ഭരണകൂടത്തിന്റെ സകല ഒത്താശയോടും കൂടിയാണ് പൊലീസ് കന്യസ്ത്രീകൾക്കെതിരെ കെട്ടിച്ചമച്ച കേസുകൾ രജിസ്റ്റർ ചെയ്തത്. വൈദിക ശ്രുശ്രൂഷയും സന്ന്യാസ പ്രവൃത്തികളും തങ്ങളെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത് എന്നുകൂടിയാണ് സംഘപരിവാർ ഭരണകൂടങ്ങൾ വിളിച്ചുപറയുന്നത്.
ഗത്യന്തരമില്ലാതെയാണ് പൊതുവിടങ്ങളിൽ സഭാവസ്ത്രം ഉപയോഗിക്കരുതെന്ന നിർദേശം വൈദികർ നൽകിയത്. സ്വന്തം മതത്തിൽ വിശ്വസിക്കാനും അതിനനുസൃതമായി പ്രവർത്തിക്കാനും പൗരോഹിത്യം അനുവർത്തിക്കാനും ഈ രാജ്യത്തെ ഭരണഘടന എല്ലാ പൗരന്മാർക്കും പൂർണമായ അധികാരവും അവകാശവും നൽകുന്നുണ്ട്. ഭരണഘടനയിലെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയെന്നതിൽ തെല്ലൊന്നുമല്ല ആശങ്കപ്പെടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കന്യസ്ത്രീകൾക്കെതിരെ നടന്ന ആൾക്കൂട്ട വിചാരണയിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണം. അതിൽ പക്ഷപാതിത്വം ഉണ്ടാകരുത്. ഈ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കുറ്റക്കാർക്കെതിരെ ശക്തമായനടപടി സ്വീകരിക്കണമെന്നും ആവശ്യമുയർത്തി ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും കത്തുകൾ അയച്ചിട്ടുണ്ട്. ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കേണ്ടുന്ന ഒരു സർക്കാർ അതിവേഗത്തിൽ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതുണ്ട്.
എന്നാൽ, രാജ്യത്ത് നടക്കുന്നത് ക്രൈസ്തവ വേട്ടയാണ് എന്നതിൽ ഒരു സംശയവുമില്ല. അതിന് നേതൃത്വം നൽകുന്നത് ആർഎസ്എസ് ഉപദേശപ്രകാരം പ്രവർത്തിക്കുന്ന ബിജെപി ഭരണകൂടങ്ങളും. കേരളത്തിലെ വീടുകളിൽ വന്ന് ബിജെപി നേതാക്കൾ വിളമ്പുന്ന ക്രൈസ്തവ സ്നേഹം വെറും പൊള്ളയും വ്യാജവും കപടവുമാണെന്ന് തിരിച്ചറിയണം. അവസരം കിട്ടിയാൽ ഇനിയും വേട്ടയാടാൻ വെമ്പി നിൽക്കുകയാണവർ. അത് ഛത്തീസ്ഗഡിൽ അവസാനിക്കുന്നതല്ല. വേട്ടയാടപ്പെടുന്നവരോട്, ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരോട്, ഉപാധികളില്ലാതെ ഐക്യപ്പെടുന്നു – വേണുഗോപാൽ പറഞ്ഞു.