മഴക്കെടുതിയും ദുരിതങ്ങളും , മൂന്ന് മരണം
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തില്‍ ശക്തമായ മഴക്കുള്ള കാരണം. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അതിനിടെ ശക്തമായ മഴയിലും കാറ്റിലും പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് മൂന്ന് പേര്‍ മരിച്ചു.
വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെതുടര്‍ന്ന് കണ്ണൂരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇടുക്കി മൂന്നാര്‍ ഗവ. കോളജിന് സമീപം മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മുവാറ്റുപുഴയിലെയും തൊടുപുഴയിലെയും ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് പലയിടത്തും നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 30-നാണ് കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തം ഉണ്ടായത്. അതിനാല്‍ തന്നെ മലയോര മേഖലകളില്‍ ആശങ്ക ശക്തമാണ്. മഹാദുരന്തം പെയ്തിറങ്ങിയ ജൂലൈ 30ന് രാത്രിയുടെ ഭീതിയില്‍ കഴിയുകയാണ് വയനാട്ടിലെ ജനങ്ങള്‍. കക്കയം ഡാം, പൊരിങ്ങല്‍ക്കുത്ത്, ചുള്ളിയാര്‍, മാട്ടുപ്പെട്ടി, ഷോളയാര്‍, പീച്ചി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നു.