അഞ്ച് ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ യുകെ സന്ദർശന വേളയിൽ ചർച്ചയായി വിദ്യാഭ്യാസവും. ഇന്ത്യയിൽ പുതിയ അഞ്ച് ബ്രിട്ടീഷ് കാമ്പസുകൾ തുറക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായ സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) കരാർ ചർച്ചകൾക്കൊപ്പമാണ് ബ്രിട്ടീഷ് കാമ്പസുകൾ ഇന്ത്യയിൽ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിലും നിർണായക തീരുമാനമുണ്ടായത്.
ഇന്ത്യയിൽ ആറ് പുതിയ ബ്രിട്ടീഷ് കാമ്പസുകൾ തുറക്കുന്നതിനെക്കുറിച്ചും സതാംപ്ടൺ സർവകലാശാല കാമ്പസ് ഗുരുഗ്രാമിൽ ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സുഹൃത്തുക്കളേ, വിദ്യാഭ്യാസ മേഖലയിലും ഇരു രാജ്യങ്ങളും ഒരുമിച്ച് ഒരു പുതിയ അധ്യായം രചിക്കുകയാണ്. യുകെയിലെ ആറ് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കും. കഴിഞ്ഞ ആഴ്ചയാണ് ഗുരുഗ്രാമിൽ സതാംപ്ടൺ സർവകലാശാല ഉദ്ഘാടനം ചെയ്തതെന്ന് മോദി പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയം പ്രകാരം ഇന്ത്യയിൽ കാമ്പസ് തുറക്കുന്ന ആദ്യത്തെ വിദേശ സർവകലാശാലയായി സതാംപ്ടൺ സർവകലാശാല 2025 ജൂലൈ 16ന് ഗുരുഗ്രാമിൽ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തത്. ലിവർപൂൾ സർവകലാശാല, യോർക്ക് സർവകലാശാല, അബർഡീൻ സർവകലാശാല, ബ്രിസ്റ്റോൾ സർവകലാശാല കാമ്പസ് എന്നിവയാണ് ഇന്ത്യയിൽ സജീവമാകാനൊരുങ്ങുന്നത്. സതാംപ്ടൺ സർവകലാശാല പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യ – യുകെ ഉന്നത വിദ്യാഭ്യാസ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇന്ത്യയും യുകെയും തമ്മിൽ നടക്കുന്നത്. അഞ്ച് ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യൻ നഗരങ്ങളിൽ കാമ്പസുകൾ സ്ഥാപിക്കാൻ തയാറായത് മോദിയുടെ യുകെ സന്ദർശനത്തിൻ്റെ ഭാഗമായുള്ള തീരുമാനമാണ്. സതാംപ്ടൺ സർവകലാശാല കാമ്പസ് ഇതിനകം ഗുരുഗ്രാമിൽ സജ്ജമാണ്. പ്രധാനമന്ത്രി മോദിയുടെ ലണ്ടൻ സന്ദർശനത്തിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. ആഗോള വിദ്യാഭ്യാസ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ നീക്കത്തിൻ്റെ ഭാഗമായാണ് പുതിയ നീക്കം.
ലോകത്തിലെ മികച്ച സർവകലാശാലകളിലൊന്നാണ് സതാംപ്ടൺ സർവകലാശാല. ഈ ഓഗസ്റ്റിൽ ഗുരുഗ്രാമിലെ ഇന്റർനാഷണൽ ടെക് പാർക്കിൽ ഇന്ത്യൻ കാമ്പസ് ഉദ്ഘാടനം ചെയ്തു. യുജിസിയുടെ 2023 ലെ ചട്ടങ്ങൾ പ്രകാരം ഇന്ത്യയിൽ ഒരു ശാഖ ഔപചാരികമാക്കുന്ന ആദ്യത്തെ വിദേശ സർവകലാശാലയാണിത്. സതാംപ്ടണിന് 800ലധികം അപേക്ഷകൾ ലഭിച്ചതായും ആദ്യ പ്രവേശനത്തിനായി 200ഓളം വിദ്യാർഥികളെ പ്രവേശിപ്പിച്ചതായും 75ലധികം ഫാക്കൽറ്റി അംഗങ്ങളെ നിയമിക്കാൻ പദ്ധതിയിട്ടതായും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.