നിർമ്മാണത്തിനിടെ പാലം തകർന്നു; തൊഴിലാളി മരിച്ചു
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്. ഒരാളെ ഉടൻ രക്ഷപ്പെടുത്തി.
പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു.
ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.