ആദായ നികുതി ബിൽ-2025 റദ്ദ് ചെയ്തു, പുതിയ ബിൽ തിങ്കളാഴ്ച
ന്യൂഡൽഹി: നിലവിലുള്ള 1961ലെ ആദായനികുതി നിയമത്തിന് പകരമായി ഈ വർഷം ഫെബ്രുവരിയിൽ ലോക്‌ഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ 2025 ഔദ്യോഗികമായി പിൻവലിച്ചതായി റിപ്പോർട്ട്.
ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്‌റ്റ് 11ന് അവതരിപ്പിക്കും. നിലവിലെ ആശങ്കകൾ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ബില്ലിന്റെ ഒന്നിലധികം പതിപ്പുകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാ മാറ്റങ്ങളും ഉൾപ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നൽകുന്നതിനുമായാണ് ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് കൊണ്ട് വരുന്നത്. ജൂലൈ 21ന് സെലക്റ്റ് കമ്മിറ്റി പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
4,500ലധികം പേജുകളുള്ള വരാനിരിക്കുന്ന ബിൽ 1961-ലെ പഴയ നിയമത്തിന് പകരമായി രൂപകൽപ്പന ചെയ്‌ത പുതിയ ആദായനികുതി ബിൽ, 2025-ന്റെ കരട് മെച്ചപ്പെടുത്തുന്നതിനുള്ള 285 നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നു. നിരവധി നിർദ്ദേശങ്ങളിൽ, സാധാരണ നികുതിദായകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന ചിലത് വേറിട്ടുനിൽക്കുന്നുവന്നതാണ് പ്രത്യേകത.
പുതിയ നിയമം പാസാക്കിക്കഴിഞ്ഞാൽ, ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള നികുതി ഘടന ലളിതമാക്കുകയും നിയമപരമായ ആശയക്കുഴപ്പം കുറയ്ക്കുകയും വ്യക്തിഗത നികുതിദായകരെയും എംഎസ്എംഇകളെയും അനാവശ്യമായ വ്യവഹാരങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് പാർലമെന്റിലെ സെലക്റ്റ് കമ്മിറ്റി അധ്യക്ഷൻ ബൈജയന്ത് പാണ്ഡെ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
സങ്കീർണ്ണമായ നികുതി ഘടനകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമ, സാമ്പത്തിക വൈദഗ്ധ്യം പലപ്പോഴും ഇല്ലാത്ത ചെറുകിട ബിസിനസ് ഉടമകളും എംഎസ്എംഇകളുമായിരിക്കും ഈ ലളിതവൽക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംരംഭകരെ സംബന്ധിച്ച് ആശ്വാസം പകരുന്ന തീരുമാനം കൂടിയാണ്.
രാജ്യത്തെ തൊഴിലാളി, മധ്യവർഗ ജനതയ്ക്ക് നേരിട്ടുള്ള നികുതിയുടെ അധിക ഭാരം ചുമത്തുന്നില്ലെന്ന് ഉറപ്പാക്കുന്ന നീതിയുക്തമായ ഒരു നേരിട്ടുള്ള നികുതി സംവിധാനം സൃഷ്‌ടിക്കുന്നതിൽ പുതിയ നടപടികൾ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ആദ്യ പടിയെന്നോണമാണ് ആദായനികുതി ബിൽ പുതുതായി അവതരിപ്പിക്കുന്നത്.