സാന്ദ്രയുടെ ഹർജി കോടതി തള്ളി; സെൻസർ സർട്ടിഫിക്കറ്റില്ലെന്ന് വരണാധികാരി
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയഷേന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് നല്കിയ ഹര്‍ജി തള്ളി കോടതി. എറണാകുളം സബ് കോടതിയുടേതാണ് നടപടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് പത്രിക നല്‍കിയിരുന്നു. എന്നാല്‍ സാന്ദ്രയുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര കോടതിയെ സമീപിച്ചത്. അസോസിയേഷനില്‍ സ്ഥാനാര്‍ത്ഥികളുടെ മൂല്യനിര്‍ണയം നടത്തിയ വരണാധികാരിയുടെ തീരുമാനം പക്ഷപാതപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്ര കോടതിയെ സമീപിച്ചത്. അസോസിയേഷന് തിരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധനയ്ക്ക് ഒരു വരണാധികാരിയെ നിയമിക്കാം എന്ന് സംഘടനയുടെ നിയമാവലിയില്‍ പറഞ്ഞിട്ടില്ല എന്ന് സാന്ദ്ര പറഞ്ഞിരുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭരണ പ്രക്രിയകളില്‍ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, തന്റെ നാമനിര്‍ദേശപത്രിക നിരസിച്ചതില്‍ സ്റ്റേ ആവശ്യപ്പെടുകയും, വരണാധികാരിയുടെ ദീര്‍ഘകാല കാലാവധിയെ ചോദ്യം ചെയ്യുകയും ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹര്‍ജി ഫയല്‍ ചെയ്തത്. അതേസമയം വിധി നിരാശാജനകമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര പ്രതികരിച്ചു.
ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിലേക്കുള്ള പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദ്ദേശ പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി പത്രികകള്‍ തള്ളിക്കളഞ്ഞത്. പത്രിക തള്ളിയതിനെതിരെയും വരണാധികാരിയെ നിയമിച്ചത് നിയമാവലി പ്രകാരമല്ലെന്നും ആരോപിച്ചുള്ള രണ്ട് ഹര്‍ജികളാണ് സാന്ദ്ര നല്‍കിയിരുന്നത്.
ഇത് രണ്ടും കോടതി തള്ളിയതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാന്ദ്രയുടെ വഴി അടഞ്ഞു. നാളെയാണ് തിരഞ്ഞെടുപ്പ്. അതേസമയം സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് സാന്ദ്രയ്ക്ക് തടസമില്ല. അതിനിടെ ഹര്‍ജികള്‍ കോടതി തള്ളിയതിലൂടെ സാന്ദ്ര തോമസ് ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി രാകേഷ് പറഞ്ഞു.