നടി മിനു മുനീർ പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിൽ
നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് പോലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയില്‍ എടുത്തത് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ബന്ധുവായ യുവതിയെ വ്യാജ വാഗ്ദാനം നല്‍കി സെക്‌സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞ മാസം മിനു മുനീറിനെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. നടനും സംവിധായകനുമായ ബാലചന്ദ്ര മോനോനെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പിന്നീട് മിനു മുനീര്‍ യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2014ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതത്രെ. സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്‌നാട്ടില്‍ എത്തിച്ച ശേഷം സെക്‌സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചു എന്നായിരുന്നു നടിക്കെതിരായ ആരോപണം. ചെന്നൈ തിരുമംഗലം പോലീസ് ആലുവയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവതിയുടെ 16ാം വയസിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതത്രെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും മിനു മുനീര്‍ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുവതി മിനു മുനീറിനെതിരെ രംഗത്തുവന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
എന്നാല്‍ സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ കേസ് തമിഴ്‌നാട് പോലീസിന് കൈമാറി. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട് എന്നാണ് സൂചന. സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഓഡിഷനുണ്ട് എന്ന് പറഞ്ഞാണത്രെ യുവതിയെ മിനു മുനീര്‍ തമിഴ്‌നാട്ടിലെത്തിച്ചത്. ഉപദ്രവിക്കാന്‍ ശ്രമം നടന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കേസ് വന്ന പിന്നാലെ യുവതിയുടെ കുടുംബത്തിനെതിരെ മിനു മുനീര്‍ മറ്റൊരു പരാതി നല്‍കിയിരുന്നു.
മിനു മുനീറിനെ ചെന്നൈയിലെ തിരുമംഗലം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ചോദ്യം ചെയ്യുന്നതിന് മറ്റൊരിടത്തേക്ക് കൊണ്ടുപോയി എന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇതിനോടകം അറസ്റ്റ് രേഖപ്പെടുത്തി എന്ന് ചില തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. ഗുരുതരമായ വകുപ്പുള്ളതിനാല്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.