സ്വാതന്ത്ര്യം നേടാൻ പട പൊരുതിയ പെൺസാന്നിദ്ധ്യം
ഒരാളുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്പത്താണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യം തന്നെയമൃതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം….. എന്ന് കുമാരനാശാന് കുറിച്ചത് വെറുതെയല്ല. അതിന്റെ മൂല്യം അറിഞ്ഞിട്ടു തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ മൂല്യം ഏറ്റവും കൂടുതല്‍ തിരിച്ചറിയാനാവുക ഒരു സ്ത്രീക്ക് തന്നെയാവും. ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പലപ്പോഴും വിലങ്ങുതടിയായിരുന്നു. ഇന്ന് സാമ്പത്തികമായും സാമൂഹികമായും സ്ത്രീകള്‍ ഏറെ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തിലേക്കും ശാക്തീകരണത്തിലേക്കുമുള്ള പാത ഒരിക്കലും എളുപ്പമായിരുന്നില്ല.
ഇന്ത്യയിലെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടം സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍ സൃഷ്ടിച്ച മതില്‍ക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടാണ് സ്ത്രീകള്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിന് ഇറങ്ങിയത്.
ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിനായി കേരളത്തില്‍ നിന്നുള്ള സ്ത്രീകളും വലിയ പങ്കാണ് വഹിച്ചത്. കാരണം സ്വാതന്ത്ര്യം നേടാനും ശാക്തീകരിക്കപ്പെടാനും ആഗ്രഹിച്ചവരില്‍ കേരളത്തിലെ സ്ത്രീകളും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. രാജ്യം എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഇവരെ പരാമര്‍ശിക്കാതെ മുന്നോട്ടു പോകാന്‍ ആകില്ല. അതില്‍ നിര്‍ഭയമായി ബ്രിട്ടീഷുകാരുടെ മുന്നില്‍ നിന്ന് പോരാടിയ അക്കാമ്മ ചെറിയാന് മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച റോസമ്മ പുന്നൂസ് വരെ ഉണ്ടായിരുന്നു.
അക്കാമ്മ ചെറിയാന്
തിരുവിതാംകൂറിലെ ത്സാന്‍സി റാണിയാണ് അക്കാമ്മ ചെറിയാന്. കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ധീരയായ വനിത. ഗാന്ധിജിയാണ് അക്കാമ്മയെ തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചത്. കേരളത്തില്‍ സ്വാതന്ത്ര്യസമരം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആയിരുന്നു. 1938-ല്‍ രാജകൊട്ടാരത്തില്‍ അന്യായമായി തടങ്കലില്‍ വച്ച സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെ മോചിപ്പിക്കാന്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുമായി അക്കാമ്മ ചെറിയാന് കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തി.
കൊട്ടാരത്തിനു മുന്നില്‍ എത്തിയ മാര്‍ച്ചിനു നേരെ പട്ടാളം വെടിയുതിര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അക്കാമ്മ ചെറിയാന് പറഞ്ഞ വാക്കുകള്‍ ചരിത്രത്തില്‍ എഴുതപ്പെട്ടു. ഞാനാണ് നേതാവ് എനിക്ക് നേരെ ആദ്യം വെടിയുതിർക്കൂ എന്നാണ് അക്കാമ്മ പറഞ്ഞത്. അന്ന് വെറും 29 വയസ്സ് മാത്രമാണ് അക്കാമ്മയ്ക്ക് ഉണ്ടായിരുന്നത്. അക്കാമ്മയുടെ വിപ്ലവ വീര്യത്തിനു മുന്നില്‍ മഹാരാജാവിന് അടിയറവ് പറയേണ്ടി വന്നു. തടവുകാര്‍ മോചിതരായി.
ഈ ധീരത കേട്ടറിഞ്ഞാണ് ഗാന്ധിജി അവരെ തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചത്. സമത്വത്തിനും ശാക്തീകരണത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളുടെ പ്രചോദനം കൂടിയാണ് അക്കാമ്മ. അധ്യാപികയായിരുന്ന അക്കാമ്മ ആ ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിയത്.
പലതവണ അക്കാമ്മ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ പോരാട്ടവീര്യത്തെ ഒരു തരി പോലും ദുര്‍ബലമാക്കാന്‍ കഴിഞ്ഞില്ല. തന്റെ ജീവിതം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുകയും ചെയ്തു. 1967 ലാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചത്.
എവി കുട്ടിമാളു അമ്മ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായക പങ്കാണ് ആനക്കര വടക്കത്ത് കുട്ടിമാളു അമ്മുവിനുള്ളത്. കൈക്കുഞ്ഞുമായി ജയിലില്‍ കഴിയേണ്ടിവന്ന വനിത. ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലും അനുഷ്ഠിക്കുന്നതിലും അവര്‍ മുന്നിലുണ്ടായിരുന്നു.
1930-ല്‍ മദന്‍ മോഹന്‍ മാളവ്യയെയും വല്ലഭായ് പട്ടേലിനെയും തടവിലാക്കിയപ്പോള്‍ ഓഗസ്റ്റ് 15 ന് പ്രത്യേക ദിനമായി ആചരിക്കാന്‍ ധാരണയായി. ഇത് പ്രചരിപ്പിക്കാന്‍ കുട്ടിമാളുവിന്റെ നേതൃത്വത്തില്‍ മഹിളാസംഘം ടൗണിലെത്തി. മലബാറിലെ സ്ത്രീകള്‍ ആദ്യമായി സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തു. കോഴിക്കോട്ട് ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ പിക്കറ്റ് ചെയ്യാന്‍ അവര്‍ സ്ത്രീ പ്രതിഷേധക്കാരെ സംഘടിപ്പിച്ചു. വിദേശ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിര്‍ത്തി ഖാദി ധരിക്കാന്‍ അവര്‍ മറ്റ് സ്ത്രീകളെ പ്രചോദിപ്പിച്ചു.
1931 ഏപ്രില്‍ 25-ന് മാര്‍ഗരറ്റ് പാവമണിയോടും ഇടത്തരം കുടുംബങ്ങളിലെ ഒരു കൂട്ടം സ്ത്രീകളോടും ഒപ്പം തൃശൂര്‍ നഗരത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. 1932-ല്‍, നിയമലംഘനത്തിന്റെ ഭാഗമായി രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി അവരെ തടവിലാക്കി. മോചിതയായ ശേഷം, ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ ആളുകളെ സംഘടിപ്പിക്കുന്നതില്‍ അവര്‍ പങ്ക് വഹിക്കുകയും 1940 ല്‍ ഒരു വര്‍ഷത്തേക്ക് ജയിലില്‍ കിടക്കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് 1942-ല്‍ അവര്‍ക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. 1944-ല്‍ മോചിതയായ ശേഷം, ഡല്‍ഹി ചലോ സമരത്തില്‍ പങ്കെടുക്കാന്‍ അവര്‍ സന്നദ്ധയായി, ഇത് സത്യാഗ്രഹികളെ ഒരിക്കല്‍ കൂടി ജയിലിലടക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. സ്വാതന്ത്ര്യാനന്തരം 1985 ല്‍ മരിക്കുന്നതുവരെ രാജ്യത്തെ സേവിച്ചു.
റോസമ്മ പുന്നൂസ്
അക്കമ്മ ചെറിയാന്റെ സഹോദരിയാണ് റോസമ്മ പുന്നൂസ്. തിരുവിതാംകൂറില്‍ നിന്നുള്ള റോസമ്മ പുന്നൂസ് അഭിഭാഷകയും രാഷ്ട്രീയക്കാരിയും ഇന്ത്യന്‍ സ്വാതന്ത്ര്യ രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത കേരള നിയമസഭയിലെ ആദ്യത്തെ അംഗമായിരുന്നു അവര്‍. കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സീറ്റ് നഷ്ടപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ എംഎല്‍എ കൂടിയായിരുന്നു.
മൂത്ത സഹോദരിയുടെ ശക്തമായ സ്വാധീനത്തില്‍ 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് റോസമ്മ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. തുടര്‍ന്നുള്ള പല സംഭവങ്ങളിലും സഹോദരിയോടൊപ്പം തടവിലാക്കപ്പെട്ടു.