ഓണക്കിറ്റ് വരും; 26 മുതൽ 14 ഇനങ്ങളുമായി
സംസ്ഥാന സർക്കാറിന്റെ ഓണ്ണക്കിറ്റ് വിതരണത്തിന് ഓഗസ്റ്റ് 26 മുതല്‍ തുടക്കമാകും. എല്ലാ അന്ത്യോദയ അന്ന യോജന (എ.എ.വൈ.) റേഷൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യും. ഓഗസ്റ്റ് 26 മുതൽ എഎവൈ കാർഡുടമകൾക്ക് ന്യായ വില കടകൾ വഴി (റേഷൻ കടകൾ) ഭക്ഷ്യകിറ്റുകൾ കൈപ്പറ്റാം. എ എ വൈ കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണമെന്നും എല്ലാ വിഭാഗം കാർഡുകൾക്കും (എ എ വൈ, പി എച്ച് എച്ച്, എൻ പി എൻ എസ്, എൻ പി എസ്) സൗജന്യമായി ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും വകുപ്പ് അറിയിച്ചു.
ഓണക്കിറ്റ് വിതരണത്തിനായി 42.83 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 14 അവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരിക്കുക. കയറ്റിറക്ക് കൂലി, ട്രാന്സ്പോര്ട്ടേഷന് എന്നീ ചാര്‍ജുകള്‍ ഉള്‍പ്പെടെ ഏകദേശം 710 രൂപയാണ് ഒരു കിറ്റിന് ചെലവ് വരുന്നത്. ആകെ 6,03,291 കിറ്റുകളാണ് വിതരണത്തിന് എത്തുന്നതെന്നാണ് വിവരം.
അതിനിടെ വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വില്‍പ്പനശാലകളില്‍നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായി ഉയര്‍ത്തി. നിലവില്‍ ഇത് ഒരു ലിറ്ററായിരുന്നു. വെളിച്ചെണ്ണയുടെ ആവശ്യകത വർദ്ധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
പരമാവധി വില്‍പ്പന വില 529 രൂപയുള്ള ഒരു ലിറ്റര്‍ “കേര വെളിച്ചെണ്ണ” 457 രൂപയ്ക്കാണ് സപ്ലൈകോ വില്‍ക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കും നോൺ സബ്സിഡി നിരക്കിൽ ലഭിക്കുന്ന സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമെയാണിത്.സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി വെളിച്ചെണ്ണ കാർഡൊന്നിന് സബ്സിഡി നിരക്കിൽ ഒരു ലിറ്റർ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില.
വെളിച്ചെണ്ണയുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായപ്പോള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും സപ്ലൈകോ മാനേജ്മെന്റും വെളിച്ചെണ്ണ വിതരണക്കാരുമായി ചര്‍ച്ച നടത്തുകയും വില കുറയ്ക്കുന്നതിനുള്ള വിപണി ഇടപെടല്‍ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾ ഫലപ്രദമാവുകയും ഓണക്കാലത്ത് വെളിച്ചെണ്ണ വില അനിയന്ത്രിതമായി ഉയരുന്നത് തടയാന്‍ കഴിയുകയും ചെയ്തിട്ടുണ്ട്.