|

ഓണക്കാലത്ത് ‘സന്തോഷ കാല’വുമായി സപ്ലൈകോ

Spread the News

കാലം മാറുന്നതിനനുസരിച്ച് കോലവും മാറാനൊരുങ്ങി സപ്ലൈകോയും . വ്യാപാര മേഖലയിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. മത്സരം കടുത്തതോടെ അനുദിനം വ്യത്യസ്തമായ വ്യാപാര തന്ത്രങ്ങളുമായാണ് കച്ചവട സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത്. ഉത്സവ കാലങ്ങളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒക്കെയായി വലിയ കച്ചവട സ്ഥാപനങ്ങളാണ് കൂടുതലും കളം നിറയുന്നത്. ഇത്തരം ഓഫറുകളുടെ കാര്യത്തില്‍ പലപ്പോഴും ഷോപ്പിംഗ് മാളുകളാണ് ഗോളടിക്കുന്നത്.

അടുത്തകാലം വരെ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇത്തരം കച്ചവട തന്ത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ കാലത്തിനൊത്ത് സഞ്ചരിക്കാനുള്ള തീവ്രശ്രമത്തിലാണ് സപ്ലൈകോയും കുടുംബശ്രീയും അടക്കമുള്ളവ.

ഇപ്പോഴിതാ ഓണക്കാലത്ത് വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോ വില്പനശാലകള്‍. ഡിസ്‌കൗണ്ടും കിറ്റുകളും ഗിഫ്റ്റ് കാര്‍ഡുകളും ഒക്കെയായി ഓണത്തിന് മുന്നോടിയായി തന്നെ വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോ. സര്‍ക്കാര്‍ സംരംഭങ്ങളായതിനാല്‍ തന്നെ സാധാരണക്കാരന് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിലാണ് ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കിയിരിക്കുന്നത്.

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്‍പനശാലകളില്‍ വലിയ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സപ്ലൈകോയില്‍ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാള്‍ 10% വരെ വിലക്കുറവ് ലഭിക്കും. ‘ഹാപ്പി അവേഴ്‌സ് ‘ എന്ന പേരിലാണ് വിലക്കുറവുകള്‍ ലഭ്യമാക്കുന്നത്. ഓഗസ്റ്റ് 24 വരെയാണ് ഈ ഓഫറുകള്‍ ഉള്ളത്. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ തിരഞ്ഞെടുത്ത സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കും.

വെളിച്ചെണ്ണ, ശബരി ഉല്‍പ്പന്നങ്ങള്‍, സോപ്പ്, ശര്‍ക്കര, ആട്ട, റവ, മൈദ, ഡിറ്റര്‍ജെന്റുകള്‍, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന്‍ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്. സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാര്‍ഡുകളും കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കാന്‍ ഈ കിറ്റ് ഉപയോഗിക്കാം.

അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ ഗോള്‍ഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്‌സ്, മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്‌സ് സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്‌സ് മാങ്ങ അച്ചാര്‍, കടല എന്നിവയാണ്  18 ഇനങ്ങള്‍ അടങ്ങുന്ന സമൃദ്ധികിറ്റിലെ ഉത്പന്നങ്ങള്‍.

ഇതുകൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനായി തയ്യാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31 വരെ വാങ്ങാം.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *