അഭ്യൂഹങ്ങൾക്ക് വിരാമം; മമ്മൂട്ടി രോഗമുക്തനായി തിരിച്ചു വരുന്നു , സജീവമായി
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പൂർണമായും രോഗമുക്തനായതായി സ്ഥിരീകരണം.മമ്മൂട്ടിയും മോഹൻലാലും അടക്കം വമ്പൻ താരങ്ങൾ അണിനിരക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നിന്നും മമ്മൂട്ടിഇടവേളയെടുത്തുവെന്ന റിപ്പോർട്ടുകളോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അശുഭകരമായ വാർത്തകളും പ്രചരിച്ചത്. ഷൂട്ടിങ്ങിനിടെ ചെറിയ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടുവെന്നും അതിനാൽ അദ്ദേഹം ഷൂട്ടിങ് നിർത്തി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമായിരുന്നു റിപ്പോർട്ടുകൾ.
പിന്നാലെ പലവിധ അഭ്യൂഹങ്ങളും നടന്റെ രോഗത്തെ കുറിച്ച് ഉയർന്നു. മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ ആണെന്ന് വരെ പ്രചരണങ്ങളുണ്ടായി. ഇതിനിടയിൽ ഇത്തരത്തിലുള്ള അസുഖ വാർത്തകൾ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് കഴിച്ചതോടെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന കാര്യത്തിൽ ഏറെക്കുറെ സ്ഥിരീകരണങ്ങൾ ഉണ്ടായി.
പിന്നാലെ സിനിമ മേഖലയിൽ നിന്നും ബിഗ് ബോസ് താരം അഖിൽ മാരാർ, തമ്പി ആന്റണി തുടങ്ങിയവരാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചത്. ‘തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്’, എന്നായിരുന്നു തമ്പി ആന്റണി ഫേസ്ബുക്കിലൂടെ അറിയിച്ചത്. അപ്പോഴും മമ്മൂട്ടിയിൽ നിന്നോ അദ്ദേഹത്തിന്റെ പിആർ ടീമിൽ നിന്നോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല.
എന്തായാലും അദ്ദേഹം ആ രോഗത്തിൽ നിന്നും പൂർണമായും മുക്തനായി എന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ആരാധകരെ തേടി എത്തിയിരിക്കുന്നത്. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നടൻ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയെന്നും ഇന്ന് രാവിലെയോടെ എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കിയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. രോഗം ഭേദമായ അദ്ദേഹം ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
രോഗം ഭേദമായതിനെ കുറിച്ച് നടന്റെ സന്തതസഹചാരി കൂടിയായ ആന്റോ ജോസഫ് കുറിച്ചത് ഇങ്ങനെയാണ് -”ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി’. ‘സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി! ‘, എന്നായിരുന്നു എസ് ജോർജിന്റെ കുറിപ്പ്. ‘എല്ലാം ഒകെ ആണ്’,എന്നാണ് നടൻ രമേശ് പിഷാരടി കുറിച്ചത്.
അതേസമയം ഈ പോസ്റ്റുകൾക്ക് താഴെ സന്തോഷം പങ്കിടുകയാണ് ആരാധകർ. ഒടുവിൽ കിംഗ് ഈസ് ബാക്ക് എന്നാണ് പലരും കുറിച്ചത്. ചില കമന്റുകൾ ഇങ്ങനെ -‘ഒരു ജനതയുടെ വികാരത്തെ പോറൽ പോലും ഏൽക്കാതെ കാത്ത ഡോക്ടർസിന് നന്ദി, കൂടെ നിന്ന് സപ്പോർട്ട് കൊടുത്ത ഓരോരുത്തർക്കും നന്ദി, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി, ഇനിയൊരു തിരിച്ചു വരവ് ഇല്ലെന്ന് മുദ്ര കുത്തിയ, അസുഖം ആഘോഷം ആക്കിയ വിരോധികൾക്കും നന്ദി, ഞങ്ങളുടെ സൂപ്പർ ഹീറോയുടെ തിരിച്ചു വരവിനു കളം ഒരുക്കിയ ഓരോരുത്തർക്കും നന്ദി, ഈ കാത്തിരിപ്പ് നമ്മെ പഠിപ്പിച്ചത് നാം എത്രമാത്രം അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ്, അസുഖം മാറി ഉടൻ തന്നെ അദ്ദേഹം സജീവമാകട്ടെ, ആയുസ്സും ആരോഗ്യവും ആഫിയത്തും നാഥൻ പ്രധാനം ചെയ്യട്ടെ’, ഒരാൾ കുറിച്ചു. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോയെന്നായിരുന്നു മറ്റൊരു കമന്റ്.
അസുഖം മാറിയ സ്ഥിതിക്ക് അദ്ദേഗം മഹേഷ് നാരായണൻ ചിത്രത്തിൽ ഉടൻ ജോയിൻ ചെയ്യുമോയെന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മോഹൻലാൽ, ഫഹദ്, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.