വേടന് മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും; പരാതിക്കാരിയെ പരിഹസിച്ച് കോടതി
കൊച്ചി: ബലാത്സംഗക്കേസില്‍ ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചു.
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഇന്ന് പരാതിക്കാരി എതിര്‍ത്തിരുന്നു. ഇതിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല എന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല വ്യക്തി എന്നതാണ് പ്രശ്നം എന്നും കോടതി ചൂണ്ടിക്കാട്ടി.
എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത് എന്നും പുരാണ കഥകള്‍ പറയേണ്ടതില്ല എന്നും ഹൈക്കോടതി പരാതിക്കാരിയോട് പറഞ്ഞു. അതേസമയം വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ അറിയിക്കണം എന്നും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ ഈ വാദം എന്നും കോടതി നിരീക്ഷിച്ചു.
മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ, ഹൈക്കോടതി വ്യക്തമാക്കി. വേടന് സ്ഥിരം കുറ്റവാളിയാണെന്ന് പറഞ്ഞ പരാതിക്കാരിയോട് പ്രതിക്കെതിരായ തെളിവുകള്‍ ഹാജരാക്കണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വേടനെതിരെ നിരവധി മീ -ടു ആരോപണങ്ങള്‍ ഉണ്ട് എന്നും പരാതിക്കാരി പറഞ്ഞു.
ഇതില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേടന് ക്ഷമാപണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞിരുന്നു. നിലവില്‍ വേടനെതിരെ രണ്ട് പരാതികള്‍ കൂടി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട് എന്നും എന്നാല്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണ് വേടനെന്നും ആണ് പരാതിക്കാരി പറയുന്നു. താല്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം ലൈംഗികാതിക്രമം നടത്തി എന്നാണ് യുവതിയുടെ പരാതി.
അതേസമയം ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും ആണ് വേടന് പറയുന്നത്. മറ്റു പരാതികള്‍ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകളും വേടന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
യുവഡോക്ടറെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസിലാണ് വേടന് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ഒളിവില്‍ തുടരുന്ന വേടനെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ ബെഞ്ചാണ് വേടന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിക്കുന്നത്.