|

രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് ക്രൈംബ്രാഞ്ച് കേസ്

Spread the News

തിരുവനന്തപുരം: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്തു. ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിക്കും പല സ്റ്റേഷനുകളിലും കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഈ പരാതികളില്‍ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കും.

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാഹുലിന്റേത് ക്രിമിനല്‍ രീതിയാണെന്നും നിയമപരമായ നടപടിയെല്ലാം പൊലീസ് സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പരാതി ഉന്നയിക്കുന്നവര്‍ക്ക് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. രാഹുലിനെതിരായ ആരോപണങ്ങള്‍ കേരളീയ സമൂഹം ഏറ്റെടുത്ത് കഴിഞ്ഞു. അത്തരമൊരാള്‍ ആ സ്ഥാനത്ത് ഇരിക്കരുത് എന്നാണ് പൊതുഅഭിപ്രായം. എന്നാല്‍ ആ നിലയല്ല വന്നിടത്തോളം കാണുന്നത്. എത്ര കാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ വലിയ സമയം വേണ്ടിവരില്ലെന്ന് പറയുന്ന അവസ്ഥ എത്രമാത്രം ക്രിമിനല്‍ രീതിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സാധാരണ നിലയില്‍ നിന്ന് ശക്തമായ നിലപാട് എടുത്ത് പോകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ആരോപണം ഉന്നയിച്ച സ്ത്രീകളില്‍ നിന്ന് നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തിയിരുന്നു. ഇതിന് ശേഷമാണ് നിയമനടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ സൈബര്‍ നിയമപ്രകാരവും കേസെടുക്കാനാണ് സാധ്യത. നേരത്തെ ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതികള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും പലരും പരാതി നല്‍കിയിട്ടുണ്ട്.

ഡിജിപി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ നേരിട്ട് ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *