കിർഗിസ്ഥാനിൽ ഇന്ത്യക്ക് സ്വർണ്ണച്ചാകര
കിർഗിസ്ഥാനിലെ സ്വർണ്ണ ഖനന പദ്ധതിയിൽ നിർണ്ണായക പുരോഗതി നേടി ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ്. ഒരു ഇന്ത്യൻ കമ്പനിയുടെ ആദ്യത്തെ വിദേശ സ്വർണ്ണ ഖനന സംരംഭമെന്ന നിലയിൽ ശ്രദ്ധേയമായ കിർഗിസ്ഥാന്‍ പദ്ധതിയില്‍ നിന്നും ഈ വർഷം ഒക്ടോബറില്‍ തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സ്വർണ്ണ ഉത്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ധാതു സുരക്ഷയും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
കിർഗിസ്ഥാനിലെ അൽട്ടിൻ ടോർ പ്രോജക്ട് ഇന്ത്യയുടെ വിദേശ ഖനന മേഖലയിലെ നിർണ്ണായക ഏടായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡിന് പദ്ധതിയിൽ 60% ഓഹരി പങ്കാളിത്തമാണുള്ളത്. അവെലും പാർട്ണേഴ്സ് LLC (Avelum Partners LLC) എന്ന സ്ഥാപനത്തിലൂടെയാണ് കമ്പനി ഈ സംരംഭം നടപ്പാക്കുന്നത്. ഖനനത്തിന് ആവശ്യമായ എല്ലാ അനുമതികളും കമ്പനി നേരത്തെ തന്നെ സർക്കാറില്‍ നിന്നും നേടിയെത്തിരുന്നു. ഇത് പദ്ധതിയുടെ സുഗമമായ പുരോഗതിക്കും വഴിയൊരുക്കി.
ഇന്ത്യയുടെ “ആത്മനിർഭർ ഭാരത്” പദ്ധതിക്ക് കൂടുതൽ കരുത്ത് നൽകുന്ന ഈ സംരംഭം, കിർഗിസ്ഥാനിലെ ആദ്യത്തെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള സ്വർണ്ണ ഉത്പാദന കേന്ദ്രമായി മാറും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനും ഈ പദ്ധതി സഹായകമാകും. പ്രദേശവാസികൾക്ക് തൊഴിൽ അവസരങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചു, ഇത് സാമൂഹിക വികസനത്തിനും പ്രാധാന്യം നൽകുന്നു.
പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതരും വ്യക്തമാക്കുന്നു. പ്രോസസ്സിംഗ് പ്ലാൻ്റിൻ്റെ നിർമ്മാണം പ്രധാന ഘട്ടത്തിലെത്തി നിൽക്കുന്നു. ഖനനം ചെയ്ത അയിര് സംസ്കരിക്കാനുള്ള ഈ പ്ലാൻ്റിൽ 11 പുതിയ കൺവെയറുകൾ സ്ഥാപിക്കുകയും അവയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ, ജോ ക്രഷറുകളുടെയും കോൺ ക്രഷറുകളുടെയും പരീക്ഷണങ്ങളും സുഗമമായി നടന്നു.
പുതിയ ബോൾ മിൽ സെപ്റ്റംബർ ആദ്യവാരത്തോടെ പ്രവർത്തനക്ഷമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി 2025 ഒക്ടോബറോടെ ഡോർ ബാറുകളുടെ (dore bars) വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കാൻ സാധിക്കുമെന്നും കമ്പനി അധികൃതർ ഉറപ്പുനൽകുന്നു. ഇത് പദ്ധതിയുടെ ആദ്യഘട്ട ലക്ഷ്യം നേടുന്നതിനുള്ള പ്രധാന നാഴികക്കല്ലാണ്.
ഖനന പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്. നിലവിൽ 30000 ക്യുബിക് മീറ്ററിലധികം ഖനന അവശിഷ്ടങ്ങൾ നീക്കം ചെയ്തു. വരും മാസങ്ങളിൽ ഈ അളവ് 100,000 ക്യുബിക് മീറ്ററായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിച്ചും പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാൻ ഡെക്കാൻ ഗോൾഡ് മൈൻസ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പദ്ധതി പ്രദേശത്ത് പ്രതീക്ഷിച്ചതിലും വലിയ സ്വർണ്ണ ശേഖരമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 4.65 ദശലക്ഷം ടൺ അയിര് ശേഖരമുണ്ടെന്നാണ് കണക്ക്, ഇത് ഏകദേശം 180,000 ഔൺസ് സ്വർണ്ണത്തിന് തുല്യമാണ്. പുതിയ ശേഖരം കണ്ടെത്താനായി 5,000 മീറ്റർ ഡ്രില്ലിംഗ് പ്രോഗ്രാം പുരോഗമിക്കുകയാണ്, ഇത് ഭാവിയിലെ ഉത്പാദന വിപുലീകരണത്തിന് അടിത്തറയൊരുക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സാമ്പത്തികമായി, ഈ പദ്ധതി ഇന്ത്യയുടെ ഊർജ്ജ, ധാതു സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിദേശ സ്വർണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് സ്വയംപര്യാപ്തതയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. തന്ത്രപരമായി, ഇന്ത്യ-കിർഗിസ്ഥാൻ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം സഹായിക്കും. കമ്പനി അധികൃതർ പറയുന്നതനുസരിച്ച്, പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകും.