വാടക വീട്ടിൽ വൻ സ്ഫോടനം: ഒരാൾ മരിച്ചു
കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശനിയാഴ്ച പുലർച്ചെ കണ്ണപുരം കീഴറയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയതിനാൽ മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ണപുരം പോലീസ് അറിയിച്ചു. നിലവിൽ ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
സ്ഫോടനത്തിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ആണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ പുറത്തെടുത്ത മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും സാരമായ നാശനഷ്ടമുണ്ടായി. വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളലേറ്റു. ജനാലകളടക്കം തകര്‍ന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.