|

തീരുവ കൂട്ടി ഇന്ത്യയെ ശ്വാസം മുട്ടിക്കാൻ യൂറോപ്യൻ രാജ്യങ്ങളോടും വൈറ്റ് ഹൗസ്

Spread the News

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയതിന് സമാനമായ ഉപരോധങ്ങൾ സ്വീകരിക്കാൻ വൈറ്റ് ഹൗസ് യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് വാങ്ങുന്ന എല്ലാ എണ്ണയും വാതകവും പൂർണ്ണമായും നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് യൂറോപ്യൻ യൂണിയനോട് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.

മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് മേൽ ദ്വിതീയ തീരുവ ചുമത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതുപോലെ, യൂറോപ്പും ഇന്ത്യയ്ക്ക് മേൽ ദ്വിതീയ തീരുവ ചുമത്തണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഇന്ത്യ-യുഎസ് വ്യാപാര തർക്കം മുറുകുകയും ബ്രിക്‌സിൽ കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്.

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുന്നതിനെ ഇന്ത്യ നിരന്തരം എതിർത്തിരുന്നു. റഷ്യയിൽ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന, യൂറോപ്പ് തുടർച്ചയായി റഷ്യയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ടെന്നും എന്നാൽ അവരെ ഒക്കെ ഒഴിവാക്കി ഇന്ത്യയെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് ന്യായമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നതിനിടെ, റഷ്യയ്ക്ക് ധനസഹായം നൽകിക്കൊണ്ട് ഇന്ത്യ യുക്രൈൻ യുദ്ധത്തിന് ധനസഹായം നൽകുകയാണ് എന്ന കടുത്ത ആരോപണവും ഇതിനിടയിൽ യുഎസ് മുന്നോട്ട് വച്ചിരുന്നു. എന്നാൽ യുഎസിന്റെ ഇരട്ടത്താപ്പ് ഈ വിഷയത്തിൽ തുറന്നുകാട്ടിയ ഇന്ത്യ റഷ്യയുമായുള്ള വ്യാപാരം നിർബാധം തുടരുകയാണ് ചെയ്‌തത്‌.

അതിനിടെ ട്രംപ്-പുടിൻ അലാസ്‌ക ഉച്ചകോടിക്ക് ശേഷം യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ ചില യൂറോപ്യൻ നേതാക്കൾ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് മുതിർന്ന ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതായി അടുത്ത വൃത്തങ്ങൾ അവകാശപ്പെട്ടു. അങ്ങനെയെങ്കിൽ അവർ ഇന്ത്യയ്ക്ക് മേൽ സമാനമായ നടപടി എടുക്കാൻ പ്രേരിപ്പിക്കപ്പെടും എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യക്കെതിരായ യുഎസ് തീരുവ വിഷയത്തിൽ വലിയതോതിൽ മൗനം പാലിക്കുകയും ട്രംപിന്റെ നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്‌തിട്ടില്ല എന്നതുമാണ്. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയൻ നടപടി എടുക്കുമോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല.

നിലവിലെ സാഹചര്യത്തിൽ യുക്രൈൻ-റഷ്യ യുദ്ധത്തിന് അറുതി വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും യൂറോപ്യൻ നേതാക്കളാണ്. അതിനാൽ തന്നെ റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തണമെന്ന യുഎസ് ആവശ്യം അവർ പൂർണമായി തള്ളിക്കളയാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.

അതിനിടെ ടിയാൻജിനിൽ അടുത്ത രണ്ട് ദിവസങ്ങളിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ എന്നിവർ ചർച്ചകൾ നടത്തും. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ചർച്ചകളാണ് ഇവ. കൂടുതൽ വ്യാപാര ബന്ധങ്ങളിലെ പ്രഖ്യാപനം ഉൾപ്പെടെ ചർച്ചയ്ക്ക് ശേഷം പ്രതീക്ഷിക്കുന്നുണ്ട്.

ബ്രിക്‌സ് കൂട്ടായ്‌മയിൽ നടക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാവും ഈ രാജ്യങ്ങളുടെ തുടർന്നുള്ള സഹകരണം. ഈ സാഹചര്യത്തിൽ കൂടിയാണ് യുഎസ് ഇന്ത്യയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയനെ സമീപിക്കുന്നത്.


Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *