തഴവയിൽ മദ്യ-മയക്കുമരുന്ന് സംഘം അഴിഞ്ഞാടുന്നു
കരുനാഗപ്പള്ളി: തഴവയിൽ മദ്യ-മയക്കുമരുന്ന് സംഘം 9 വീടുകൾ അടിച്ചു തകർത്തു . രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും അക്രമികൾ അടിച്ചു തകർത്തു . മണപ്പള്ളി അഴകിയ കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് സൂചന . തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം.
തഴവ നൂറാട്ടേത്ത് ബിന്ദു , പുത്തൻപുരയിൽ ഷാജി , ദാറുൽസലാം വീട്ടിൽ സുൽഫത്ത്, നാടാല കിഴക്കതിൽ വിനോദ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത് . 15 ഓളം വരുന്ന അക്രമി സംഘം മാരകായുധങ്ങളുമായി അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ തഴവ സ്വദേശിനി അശ്വതി ഭവനിൽ സുനന്ദ, മാളു എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ ഫ്രിഡ്ജ് ,ടിവി, മറ്റ് ഗൃഹോപകരണങ്ങൾ, കതക് ,ജനൽ, അലമാര തുടങ്ങിയവ സംഘം അടിച്ചു തകർത്തു . അക്രമത്തിൽ രണ്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. രാഹുൽ നിവാസിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടുമുറ്റത്ത് കിടന്ന കാറും അക്രമികൾ തകർത്തു . കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന പ്രശ്നങ്ങളുടെ തുടർച്ചയാണ് അക്രമത്തിൽ കലാശിച്ചത്. അക്രമികൾ വീടു മാറി ആക്രമണം അഴിച്ചുവിട്ടതായും പറയപ്പെടുന്നു. മദ്യ- മയക്കുമരുന്ന് മാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന പറഞ്ഞു.