ഓണസദ്യ സമര പന്തലിൽ; അവധിയുമില്ല ആഘോഷവുമില്ല
അവധിയും ആഘോഷവും ഇല്ലാതെ തെരുവിൽ സമരം തുടരുന്ന ആശാവർക്കർമാർക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം ഓണസദ്യ ഒരുക്കും . ഉത്രാട ദിനത്തിലാണ് സെക്രട്ടറിയേറ്റ് പഠിക്കലെ സമരപ്പന്തലിൽ ഓണസദ്യ ഒരുക്കുന്നത്. ഫെബ്രുവരി 10ന് ആരംഭിച്ച രാപ്പകൽ സമരത്തിന്റെ 209ാംദിവസമാണ് തിരുവോണം. ഇരുന്നൂറാം ദിനത്തിൽ സമരപ്പന്തലിലെ കഞ്ഞിപ്പാത്രം കൊണ്ട് ആശാമാർ പട്ടിണി കളം ഒരുക്കിയിരുന്നു .
പ്രതിദിനം 233 രൂപ എന്ന തുച്ഛമായ ഓണറേറിയം മിനിമം കൂലിയായി വർദ്ധിപ്പിക്കുക, ആരോഗ്യ വകുപ്പിലെ അടിസ്ഥാന ജോലികൾ ചെയ്യുന്ന ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൽപ്രദാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സമരം ചെയ്യുന്നത് . എന്നാൽ ശക്തമായ സമരം മാസങ്ങൾ പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല .
സർക്കാർ തന്നെ നിയോഗിച്ച പഠനസമിതി ഓണറേറിയം വർധിപ്പിക്കണം എന്ന് നിർദ്ദേശം സമർപ്പിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും നിലപാട് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഓണം പ്രമാണിച്ചെങ്കിലും തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായി തീരുമാനം എടുക്കും എന്ന ആശമാരുടെ പ്രതീക്ഷയാണ് മങ്ങുന്നത് . നിരാശരായി തങ്ങൾ മടങ്ങിപ്പോകില്ലെന്നും വിജയം വരെ സമരവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു.