യു എ ഇ നിവാസികൾ പരിഭ്രാന്തിയിൽ; കനത്ത സുരക്ഷാ മുന്നറിയിപ്പ്
യു എ ഇ: ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ദുബായിൽ കനത്ത ജാഗ്രത നിർദേശം. ആണവകേന്ദ്രങ്ങളിലെ ആക്രമണത്തിന് ഇറാൻ, അമേരിക്കയ്ക്ക് നൽകിയ മറുപടിയാണിത്. ആളപായമില്ലെങ്കിലും ദുബായ് പോലീസ് താമസക്കാരോട് വീടുകളിൽ തുടരാനും പുറത്തിറങ്ങാതിരിക്കാനും ആവശ്യപ്പെട്ടു.
ഖത്തറിലെ യുഎസ് സൈനിക താവളമായ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ഗൾഫ് മേഖലയിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ ആക്രമണം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണങ്ങൾക്ക് പ്രതികാരമാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ്റെ ആക്രമണത്തെ തുടർന്ന് ദുബായ് പോലീസും നഗരത്തിലെ വിവിധ സുരക്ഷാ ഏജൻസികളും ശക്തമായ നടപടികളാണ് സ്വീകരിചിരിക്കുന്നത്.
കുട്ടികളെ പുറത്തിറക്കരുതെന്നും പൊതുയിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ ദുബായ് പോലീസിന്റെ അൽ അമീൻ സർവീസ് വഴി സംശയാസ്പദ സാഹചര്യങ്ങൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാം. 800 4444 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ, അൽ അമീൻ ആപ്പ് വഴിയോ പൊതുജനങ്ങൾക്ക് പരാതി നൽകാമെന്നും അധികൃതർ അറിയിച്ചു.
ഖത്തറിലെ അൽ ഉദൈദ് യുഎസ് വ്യോമതാവളം ഏറ്റവും പ്രധാനപ്പെട്ട സേനാ കേന്ദ്രങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ തുടങ്ങിയ മേഖലകളിലെ യുഎസ് വ്യോമയാനങ്ങളുടെയും ഓപ്പറേഷനുകളുടെയും നിയന്ത്രണ കേന്ദ്രമായ ഈ താവളം നിരവധി സുരക്ഷാ വലയങ്ങൾക്കിടയിലാണ് പ്രവർത്തിച്ചിരുന്നത്.
കൂടാതെ ഇറാന്റെ ആക്രമണം വാർത്തയായതോടെ ഖത്തറിലെയും യുഎഇയിലെയും മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ആശങ്കയിലാണ്. സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ അടിയന്തിരമായി സംഭരിക്കാൻ തിരക്കുകൂടി. ചിലർ വിമാന ടിക്കറ്റുകൾ റദ്ദാക്കി, സുരക്ഷിതത്വം ഉറപ്പാക്കാൻ ഹോട്ടലുകളിലേക്ക് മാറുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ പുറത്ത് വരുന്ന വ്യാജവാർത്തകളും വീഡിയോകളും വലിയ തോതിൽ പ്രചരിക്കുന്നതിനാൽ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പരിശോധിക്കണമെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
ഖത്തറിലേക്കോ യുഎഇയിലേക്കോ യാത്രചെയ്യാനായി പദ്ധതിയിടുന്നവർ അവരുടെ വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുകയും, ദൗത്യസ്ഥാപനങ്ങളിലൂടെയുള്ള യാത്രാ ഉപദേശങ്ങൾ മനസ്സിലാക്കുകയും ചില വിമാനങ്ങൾ റീറൂട്ടിങ്ങിന് വിധേയമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.
ദുബായ് ഇപ്പോഴും ഗൾഫ് മേഖലയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണെങ്കിലും സമീപ പ്രദേശങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ കണക്കിലെടുത്ത് ഓരോ പൗരനും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടർന്ന് വ്യാജ വാർത്തകൾ ഒഴിവാക്കി, നഗര സുരക്ഷയ്ക്കായി അൽ അമീൻ പോലുള്ള സംവിധാനങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.