വീണ്ടും മേഘവിസ്ഫോടനം; ഹിമാലയൻ മേഖല അപകടത്തിലോ?
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാർകോട്ട്-യമുറി റോഡിലെ ബാലിഗഡിൽ ഞായറാഴ്ച രാവിലെ ഉണ്ടായ പെട്ടെന്നുള്ള മേഘവിസ്‌ഫോടനത്തിൽ 9 തൊഴിലാളികളെ കാണാതാവുകയും നിർമ്മാണത്തിലിരുന്ന ഒരു ഹോട്ടൽ നിർമ്മാണ സൈറ്റിൽ സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് ഇന്നലെയാണ്.
കാലാവസ്ഥ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം പ്രദേശത്ത് ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തതായി കണക്കാക്കപ്പെടുന്നു. ആഴ്ചകളായി തുടരുന്ന ഉയർന്ന താപനിലയ്ക്കു ശേഷമുള്ള ഈ അപ്രതീക്ഷിതമായ ഈ മഴ പർവ്വതമേഖലകളിൽ വളരെ വലിയ നാശനഷ്ടകൾക്കാണ് ഇടയാക്കിയത്.
എന്താണ് മേഘവിസ്ഫോടനം
ചെറിയ ഒരു പ്രദേശത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിൽ മഴ പെയ്യുന്ന ദുരന്തകരമായ ഒരു കാലാവസ്ഥാ പ്രതിഭാസമാണ് മേഘവിസ്ഫോടനം. സാധാരണയായി ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴ ഒരു പ്രദേശത്ത് ഉണ്ടാവുകയാണെങ്കിൽ അതിനെ മേഘസ്ഫോടനമായി കണക്കാക്കാം.
ഉത്തരാഖണ്ഡിൽ ഇത്തരത്തിലുള്ള മേഘവിസ്ഫോടനം പുതുമയല്ല. ഇതിനു മുൻപ് നടന്ന ദാരുണമായ ചില അപകടങ്ങൾ ശ്രദ്ധേയമാണ്

2013 ജൂൺ – കേദാർനാഥ ദുരന്തം : ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് 2013 ജൂണിൽ സംഭവിച്ച കേദാർനാഥ് ദുരന്തം. കനത്ത മഴ- മേഘവിസ്ഫോടനം – ഒപ്പം മണ്ണിടിച്ചിലും മൂലം ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ഒപ്പം ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു
2021 ഫെബ്രുവരി – ചാമോലി ദുരന്തം: നദീപ്രവാഹം തടഞ്ഞുനിർത്തിയിരുന്ന വലിയ ഒരു ഹിമാനിയുടെ ഒരു ഭാഗം തകരുകയും താഴേക്ക് കുതിച്ചുപാഞ്ഞ വെള്ളം വലിയ നാശം വിതയ്ക്കുകയും ചെയ്ത വൻദുരന്തമാണ് ചാമോലി ദുരന്തവും. അന്ന് എഴുപതിലധികം ആളുകൾ കൊല്ലപ്പെട്ടു . നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തി. നിരവധി ആളുകളെ കാണാതാവുകയും ചെയ്തു. 2016, 2018 വർഷങ്ങളിലും പർവ്വതമേഖലകളിൽ ചെറിയതോതിലുള്ള മേഘവിസ്ഫോടനം ഉണ്ടായതായി രേഖകൾ ഉണ്ട്. പ്രാദേശിക നാശനഷ്ടങ്ങൾ പലതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്
മേഘവിസ്ഫോടനം – പ്രധാന കാരണങ്ങൾ
ഓറോഗ്രാഫിക് ലിഫ്റ്റിംഗ്: മലനിരകളിൽ ഉള്ള ഈർപ്പമുള്ള വായു മുകളിലേക്ക് കയറുമ്പോൾ പെട്ടെന്ന് തണുത്തു മഴയായി പതിക്കുന്നു.
ശക്തമായ അപ്‌ഡ്രാഫ്റ്റുകൾ: ചൂടുള്ള ഈർപ്പമുള്ള വായു വേഗത്തിൽ മേലേക്ക് ഉയരുമ്പോൾ വലിയ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുന്നു, പിന്നീട് അതിലെ വെള്ളം ഒരുമിച്ച് താഴേക്ക് വീഴുമ്പോൾ മേഘവിസ്ഫോടനം ഉണ്ടാകും.
താപനില വ്യത്യാസം: അന്തരീക്ഷ പാളികളിലെ, വലിയ താപനിലവ്യത്യാസം പെട്ടെന്ന് ഉള്ള മഴയ്ക്ക് കാരണമാകുന്നു.
ഉയർന്ന ഈർപ്പനിരക്ക്: അന്തരീക്ഷവായുവിലെ കൂടുതൽ ഈർപ്പം കട്ടിയുള്ള മേഘങ്ങൾക്കും കനത്ത മഴയ്ക്കും ഇടയാക്കുന്നു.
മൺസൂൺ ഗതികൾ: മൺസൂൺ കാറ്റുകൾ കൊണ്ടുവരുന്ന ഈർപ്പം പ്രാദേശിക കാലാവസ്ഥയുമായി കൂടിച്ചേരുമ്പോൾ മേഘവിസ്ഫോടനം ഉണ്ടാകാം.
കാലാവസ്ഥ മാറ്റം: ആഗോള താപനില വർധിക്കുന്നത് കൂടുതൽ ഈർപ്പം വായുവിലെത്തിക്കുകയും തൽഫലമായി ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലെ അപകടത്തോടുകൂടി പ്രകൃതിയുടെ മാരകമായ പ്രഹരശേഷി വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. പർവ്വതപ്രദേശങ്ങളിൽ ഇത്തരം പാരിസ്ഥിതികദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കാലികവും ശാസ്ത്രീയവുമായ കണക്കെടുപ്പുകളും, മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കുന്നത്തിനുള്ള ശക്തമായ നിയമ നിർമാണങ്ങളും അത്യാവശ്യമാണ്. ഉത്തരേന്ത്യയിലും മറ്റുമുള്ള അനധികൃതവും അനിയന്ത്രിതവുമായ നിർമാണ പ്രവർത്തനങ്ങൾ ഇച്ഛാശക്തിയോടുകൂടി നിയന്ത്രിക്കപ്പെടേണ്ടതാണ് .
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭവനനിര്മാണത്തിനുപോലും വളരെയേറെ നിയന്ത്രണങ്ങളുള്ളപ്പോൾ, ഹിമാലയത്തിലെ മിക്ക സംസ്ഥാനങ്ങളിലും, ഉദ്യോഗസ്ഥ പ്രീണനങ്ങളിലൂടെയും അഴിമതിയിലൂടെയും ഉത്തരേന്ത്യൻ ലോബികൾ വൻതോതിലുള്ള ഭൂമി കയ്യേറ്റവും അനധികൃത നിർമിതികളുമാണ് നടത്തുന്നത്. ഇതിനു തടയിടാനാകാത്തിടത്തോളം കാലം പ്രകൃതിയുടെ താളം തകിടം മറിയുകയും അത് മനുഷ്യനുമേൽ കൂടുതൽ കൂടുതൽ പ്രഹരങ്ങളേൽപ്പിക്കുകയും ചെയ്യും.
പ്രകൃതിയോടുള്ള നമ്മുടെ സമീപനം കൂടുതൽ ഉത്തരവാദിത്വമുള്ളതാകുന്നതോടുകൂടി മാത്രമേ പരിസ്ഥിതിലോല പ്രദേശങ്ങളിലെ പ്രകൃതിയുടെ താളം നിലനിർത്താനാകു.