യു എസ് എമിഗ്രേഷൻ; പരിഷ്ക്കരണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
വാഷിംഗ്ടൺ ഡി.സി : യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസസ് ജൂലൈ 1 മുതൽ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന എമിഗ്രേഷൻ തട്ടിപ്പുകൾ തടയാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
നിലവിൽ എസ്എംഎസ് അയക്കാൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ മാറ്റി പുതിയ നമ്പർ നൽകിയിട്ടുണ്ട്. ഇന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അധികാരികൾ അറിയിച്ചു. 468-311 (Gov-311) എന്ന പഴയ ഫോൺ നമ്പർ ആണ് മാറ്റിയിട്ടുള്ളത് . പുതിയ നമ്പർ 872466(USAIMM) ആയിരിക്കുമെന്ന് ആധികാരികമായ റിപ്പോർട്ടുകൾ ഉണ്ട് .
ഇനിമുതൽ പഴയ ഫോൺ നമ്പറിൽ നിന്ന് ആർക്കും സന്ദേശങ്ങൾ വരില്ലെന്നും പുതിയ നമ്പർ ആളുകൾക്ക് ഓർക്കാൻ എളുപ്പമുള്ളതായിരിക്കും എന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു . പുതിയ മാറ്റങ്ങൾ വരുന്നതോടെ എമിഗ്രേഷൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാം എന്നാണ് അധികാരികൾ കരുതുന്നത്. നാട്ടിൽ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളും ആധികാരികം അല്ലാത്ത സന്ദേശങ്ങളും ഒഴിവാക്കുന്നതിനു വേണ്ടിയാണ് നമ്പർ മാറ്റം ഇപ്പോൾ വരുത്തിയിരിക്കുന്നത്. പുതിയ നമ്പർ സൂക്ഷിക്കണമെന്ന് ആളുകൾക്ക് യുഎസ് സിറ്റിസെൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഐസിഇ അല്ലെങ്കിൽ യുഎസ് സി ഐ എസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പലരെയും പ്രത്യേകിച്ച് വിദേശികളെ വിളിക്കുകയും നാടുകടത്തും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ട്. യുഎസിലെ സർക്കാർ ഓഫീസിൽ നിന്നുമാണ് എന്നു പറഞ്ഞ് വ്യാജ ഇമെയിലുകളും എസ്എംഎസ് കളും പലർക്കും ലഭിച്ചു എന്ന് പരാതികൾ വന്നിട്ടുണ്ട്. വ്യാജ വിസ സ്പോൺസർഷിപ്പുകൾ,ജോലി , വിസ എന്നിവ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പുകൾ നടത്തുന്നതായി അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ നമ്പർ എല്ലാവരും സേവ് ചെയ്യുകയും തട്ടിപ്പുകളിൽ പോയി വീഴരുതെന്നും അധികാരികൾ അറിയിച്ചു .