മോഹൻ കുന്നുമ്മൽ റഷ്യയിലേക്ക്; ചുമതല ഡോ.സിസ തോമസിന്
തിരുവനന്തപുരം ∙ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ.സിസ തോമസിനു നല്‍കി ഗവര്‍ണര്‍. നിലവിലെ വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിനു പോകുന്ന പശ്ചാത്തലത്തിലാണ് എട്ടാം തീയതി വരെ സിസ തോമസിന് അധികചുമതല നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനം.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനം ഏറ്റെടുത്ത സിസ തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. സര്‍ക്കാര്‍ തടഞ്ഞുവച്ച സിസയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തിടെയാണ് നല്‍കിയത്. ഇതിനു പിന്നാലെയാണ് കേരള സര്‍വകലാശാല വിസിയുടെ അധികചുമതല കൂടി ഡോ.സിസ തോമസിനു നല്‍കിയിരിക്കുന്നത്.