പന്നിക്ക് വെച്ച വൈദ്യുതകെണിയിൽ അമ്മ പെട്ടു. മകൻ അറസ്റ്റിൽ
വീടിനോടു ചേർന്നുള്ള വൈദ്യുത ലൈനിൽനിന്നു പന്നിക്ക് വച്ച കെണിയിൽനിന്നു വയോധികയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65) മകൻ പ്രേംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 7ന് സമീപത്തുള്ള സൊസൈറ്റിയിലേക്ക് പാലുമായി പോകുകയായിരുന്ന ബന്ധുവും അയൽവാസിയുമായ ഷീബയാണ് മാലതി ഷോക്കേറ്റ് പിടയുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന മോഹനൻ, വിജയകുമാർ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി ഉണങ്ങിയ മരക്കഷ്ണം എടുത്തടിച്ചാണ് വൈദ്യുത കമ്പിയിൽനിന്നുള്ള ബന്ധം വിച്ഛേദിച്ചത്.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മാലതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മാലതിക്ക് ഇടതു കൈയിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വീടിന് മുന്നിലുള്ള വൈദ്യുതി പോസ്റ്റിൽ നിന്നാണ് പ്രേംകുമാർ വൈദ്യുതി കണക്‌ഷൻ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. വീട്ടു പരിസരത്ത് സ്ഥിരമായി കാട്ടുപന്നിശല്യം ഉണ്ടെന്നും അതിനാലാണ് പന്നിക്കെണി സ്ഥാപിച്ചത് എന്നുമാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ഷൊർണൂർ പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.