ശ്വേത മേനോന് കുരുക്കുമായി പുതിയൊരു പോലീസ്കേസ്
കൊച്ചി: നടി ശ്വേത മേനോനെതിരെ എറണാകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച സിനിമകളില്‍ അശ്ലീലതയുണ്ട് എന്നാണ് പരാതിക്കാരന്റെ ആരോപണം. അശ്ലീല ചിത്രങ്ങളിലൂടെ നടി പണം സമ്പാദിച്ചുവെന്നും പരാതിയില്‍ പറയുന്നു.
താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിലേക്ക് ശ്വേത മനോന്‍ മല്‍സരിക്കവെയാണ് കേസ് വന്നിരിക്കുന്നത്. അടുത്തിടെ നടന്‍ അനൂപ് ചന്ദ്രനെതിരെയും പോലീസ് കേസെടുത്തിരുന്നു. താര സംഘടനയിലെ ചേരിപ്പോരിന്റെ ഭാഗമാണോ തുടര്‍ച്ചയായി പരാതികള്‍ എന്ന സംശയവും ഉയരുന്നുണ്ട്. ശ്വേത മേനോനെതിരായ പരാതിയില്‍ വിചിത്രമായ കാര്യങ്ങളാണ് പറയുന്നത്.
ശ്വേത മേനോന്‍ നേരത്തെ അഭിനയിച്ച സിനിമയിലും പരസ്യത്തിലും അശ്ലീലതയുണ്ട് എന്നാണ് പരാതിക്കാരന്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയും പുറത്തിറങ്ങി വര്‍ഷങ്ങളാകുകയും ചെയ്ത സിനിമകളാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സിനിമകളിലൂടെ നടി പണം സമ്പാദിച്ചു എന്നും പരാതിക്കാരന്‍ പറയുന്നു.
നേരത്തെ ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവത്രെ. എന്നാല്‍ പോലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് കേസ് എടുക്കാന്‍ നനിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.