നിമിഷ പ്രിയക്ക് വധശിക്ഷ; വക്കാലത്തുമായി കേന്ദ്രം
യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രം. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വക്കാലത്ത് നൽകിയത്. അഡ്വ. രാജ് ബഹദൂര്‍ യാദവാണ് വക്കാലത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യെമനില്‍ വ്യവസായം നടത്തുന്ന മലയാളി വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതടക്കമുള്ള എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുന്നുണ്ടെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
വ്യാഴാഴ്ച ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത്, വധശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി വേഗത്തിൽ അടുത്തുവരുന്ന സാഹചര്യത്തിൽ സാഹചര്യത്തിന്റെ അടിയന്തരാവസ്ഥ ഊന്നിപ്പറഞ്ഞു. നിമിഷയുടെ അപ്പീൽ തള്ളിക്കളഞ്ഞെങ്കിലും, യെമനിലെ ഒന്നാം അപ്പീൽ കോടതി രക്തദാനത്തിനുള്ള ഓപ്ഷൻ തുറന്നിട്ടിരുന്നുവെന്നും ഇരയുടെ കുടുംബവുമായുള്ള ചർച്ചകൾ ഇപ്പോഴും അവളെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വാദിച്ചു.
സമയം ഇപ്പോൾ നിർണായകമാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തിങ്കളാഴ്ച കേസ് കേൾക്കാൻ ബെഞ്ച് നിർദ്ദേശിച്ചപ്പോൾ, നയതന്ത്ര നടപടിക്രമങ്ങൾക്ക് ആവശ്യമായ സമയം ചൂണ്ടിക്കാട്ടി അഭിഭാഷകൻ നേരത്തെ പട്ടികപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
2017 ജൂലൈ 25ന് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. നേഴ്‌സായ നിമിഷ തലാലില്‍ കെറ്റാമൈന്‍ മയക്കുമരുന്ന് കുത്തിവെച്ചു. അബോധാവസ്ഥയിലായ തലാലിനെ വെട്ടിനുറുക്കി. തുടർന്ന് സുഹൃത്തായ ഹനാന്റെ സഹായത്തില്‍ മൃതദേഹ ഭാഗങ്ങള്‍ കുടിവെള്ള ടാങ്കില്‍ ഒളിപ്പിച്ചുവെച്ചു. പിന്നീട് ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
പിന്നാലെ ഓഗസ്റ്റില്‍ നിമിഷയെയും ഹനാനെയും യെമന്‍ പൊലീസ് അറസ്റ്റ് ചെയ്തു. യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ക്ലിനിക്കിലെ നേഴ്‌സായിരുന്നു നിമിഷ. 2014ല്‍ യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തലാല്‍ അബ്ദു മഹ്ദിയെ നിമിഷ പരിചയപ്പെടുന്നത്.
സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനാഗ്രഹിച്ച നിമിഷയ്ക്ക് ലൈസന്‍സിനായി തലാലിന്റെ സഹായം വേണ്ടി വന്നു. 2015ല്‍ ആരംഭിച്ച ക്ലിനിക്ക് വളരെ വേഗം സാമ്പത്തിക നേട്ടമുണ്ടാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെ അസ്യാരസ്യം ആരംഭിച്ചു. ക്രൂര പീഢനങ്ങള്‍ക്കൊടുവില്‍ മറ്റുവഴികളില്ലാതെ തലാലിനെ കൊല്ലേണ്ടി വന്നെന്നാണ് നിമിഷയുടെ വാദം.