കമ്മീഷൻ സത്യവാങ്മൂലം നൽകണമെന്ന് അഖിലേഷ് യാദവ്
ഡല്‍ഹി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പാർട്ടി സമർപ്പിച്ച സത്യവാങ്മൂലങ്ങള്‍ ലഭിച്ചിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിനെതിരെ സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ “അസ്വഭാവികതകൾ” സംബന്ധിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ ഡിജിറ്റല്‍ രസീതുകളും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടു.
തന്റെ പാർട്ടിക്ക് ലഭിച്ച ഡിജിറ്റൽ രസീതുകളുടെ ആധികാരികത സ്ഥിരീകരിക്കുന്ന ഒരു സത്യവാങ്മൂലം നൽകണമെന്നും യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നുണ്ട്. അമപൂർ, ബക്ഷി കാ തലാബ്, ജൗൻപൂർ സദർ, കുർസി മണ്ഡലങ്ങളിലെ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നല്‍കിയ സത്യവാങ്മൂലത്തിന്റെ സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സമർപ്പിച്ച അഫിഡവിറ്റുകൾ ലഭിച്ചിട്ടില്ലെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, അവരുടെ സ്വന്തം ഓഫീസ് നൽകിയ രസീതുകള്‍ പരിശോധിക്കണം, അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ഈ തവണ, ഞങ്ങൾക്ക് അയച്ച ഡിജിറ്റൽ രസീത് ശരിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഫിഡവിറ്റ് നൽകണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടൊപ്പം ഡിജിറ്റൽ ഇന്ത്യയും സംശയത്തിന്റെ നിഴലിലാകും,’ എസ്പി നേതാവ് എക്സില്‍ കുറിച്ചു. ‘ബിജെപി പോയാൽ, സത്യം പുറത്തുവരും’ എന്ന് കൂടി പരാമർശിച്ചാണ് അഖിലേഷ് യാദവ് തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.