‘അമ്മ’ യെ ഇനി പെൺമക്കൾ നയിക്കും
മൂന്ന് പതിറ്റാണ്ടിന് ശേഷം താരസംഘടനയായ അമ്മയുടെ സാരഥ്യം വനിതകള്‍ക്ക്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതമേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വിജയിച്ചു. ആദ്യമായാണ് സംഘടനയുടെ വനിതാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെടുന്നത്.
508 പേർക്ക് വോട്ട് അവകാശം ഉണ്ടായിരുന്നെങ്കിലും ഇന്ന് വോട്ട് ചെയ്യാന്‍ എത്തിയത് 298 പേർ മാത്രമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്‍ ദേവനായിരുന്നു ശ്വേതമേനോന്റെ എതിരാളി. ശ്വേതക്ക് 159 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ദേവന് നേടാനായത് 132 വോട്ടുകള്‍ മാത്രമാണ്. ഇതോടെ 29 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഒരു വനിത ആദ്യമായി അമ്മയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിന് മുമ്പ് തികഞ്ഞ ആത്മവിശ്വാസം ദേവന്‍ പങ്കുവെച്ചിരുന്നെങ്കിലും മുതിർന്ന താരങ്ങള്‍ അടക്കമുള്ളവർ വനിത പ്രതിനിധികള്‍ വരട്ടേയെന്ന നിലപാട് സ്വീകരിച്ചത്, ശ്വേത മേനോനും കുക്കു പരമേശ്വരനും അനുകൂലമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രവീന്ദ്രനെ കുക്കു പരമേശ്വരന്‍ വലിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കുക്കുവിന് 175 വോട്ടും രവീന്ദ്രന് 115 വോട്ടും ലഭിച്ചു. ഭൂരിപക്ഷം -57.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ജയന്‍ ചേർത്തലും ലക്ഷ്മിപ്രിയയും വിജയിച്ചപ്പോള്‍ നാസർ ലത്തീഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് വൈസ് പ്രസിഡന്റുമാരാണ് അമ്മക്ക് ഉണ്ടായിരിക്കുക. ട്രഷറർ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ഉണ്ണി ശിവപാലിനെ അനൂപ് ചന്ദ്രന്‍ പരാജയപ്പെടുത്തി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്ത്രീകൾക്ക് 4 സീറ്റ് സംവരണമുള്ള എക്സിക്യൂട്ടീവിൽ അഞ്ജലി നായർ, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹൻ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ സജിത ബേട്ടി ഒഴികേയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു. ജോയി മാത്യു, കൈലാഷ്, റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, വിനു മോഹന്‍, സിജോയ് വർഗീസ് എന്നിവരാണ് മറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ഭരണസമിതിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പിന്നാലെ അഡ്ഹോക് കമ്മിറ്റിയിരുന്നു സംഘടനയുടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.