ലുലു ഗ്രൂപ്പിന് ഭൂമി കൈമാറുന്നതിനെതിരെ ആന്ധ്രയിലെ CPM സമരത്തിൽ
ടിഡിപി സർക്കാർ ആന്ധ്രാപ്രദേശില്‍ വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ലുലു ഗ്രൂപ്പ് സംസ്ഥാനത്ത് വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണകാലത്ത് വിശാഖപട്ടണത്തെ പദ്ധതി ഉപേക്ഷിച്ച് പോയ ലുലു ഗ്രൂപ്പിനെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ സംസ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു.
രണ്ടാം വരവില്‍ വിശാഖപട്ടണത്തിന് പുറമെ അമരവാതിയും വിജയവാഡയിലും തിരുപ്പതിയിലുമായി നിരവധി പദ്ധതികളാണ് ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിശാഖപട്ടണത്തെ ഭൂമി സംബന്ധിച്ച തർക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിന് പുറമേയാണ് വിജയവാഡയില്‍ ഗ്രൂപ്പിനായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഭൂമിയുടെ കാര്യത്തില്‍ എതിർപ്പുയർത്തി സംസ്ഥാനത്തെ സി പി എം നേതൃത്വവും രംഗത്ത് വന്നിരിക്കുന്നത്.
വിജയവാഡയിലെ പഴയ ബസ് സ്റ്റാൻഡ് പ്രദേശത്തെ ആർടിസി ഭൂമിയാണ് ഷോപ്പിംഗ് മാൾ നിർമ്മാണത്തിനായി ലുലു ഗ്രൂപ്പിന് കൈമാറാനായി ആന്ധ്രാപ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ നീക്കത്തെ വളരെ അപലപനീയം എന്ന് വിശേഷിപ്പിച്ച സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബാബു റാവു തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതായും ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.