നിലമ്പൂരിൽ അൻവർ ഫാക്ടർ വിധിയെഴുതി
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതിന് നിദാന ഘടകമായത് പി.വി. അൻവറിന്റെ സാന്നിദ്ധ്യമാണെന്ന് നിസ്സംശയം വെളിവായിരിക്കുന്നു. ഇരു മുന്നണികളും അൻവർ അപ്രസക്തമാവുമെന്ന് പറഞ്ഞ് ആദ്യം മുതൽക്കേ തള്ളിയിരുന്നു. എന്നാൽ ഇരു മുന്നണികളുടെയും വോട്ട് ബാങ്കിൽ വിള്ളൽ സൃഷ്ടിച്ചു കൊണ്ട് അൻവർ തന്റെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്.
ഇടതുമുന്നണിയിൽ നിന്ന് വിട്ടുമാറി യു.ഡി.എഫിൽ ചേരാനുള്ള അൻവറിന്റെ ശ്രമത്തെ തടയിട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. അൻവർ കൂടി യു.ഡി.എഫിൽ ഉണ്ടായിരുന്നെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 25,000 കടന്നേനെ.തെരഞ്ഞെടുപ്പ് ഫലത്തിൽ പൊതുവെ നിഴലിക്കുന്നത് ഭരണവിരുദ്ധ വികാരമാണ്. പിണറായിസത്തിനെതിരായിരുന്നു അൻവറിന്റെ പ്രചാരണത്തിന്റെ കുന്തമുന.യു.ഡി.എഫ് രാഷ്ട്രീയത്തെ തള്ളിപ്പറയാതെ സ്ഥാനാർഥി ഷൗക്കത്തിനും വി.ഡി.സതീശനുമെതിരെയായിന്നു , അൻവർ സംസാരിച്ചത്. സതീശന്റെ പിടിവാശിയിൽ കോൺഗ്രസ്സിനുള്ളിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അതെല്ലാം അടക്കിപ്പിടിച്ച മുറുമുറുപ്പുകളായിരുന്നു. ഫലസൂചനകൾ വന്നു തുടങ്ങിയപ്പോൾ തന്നെ ഈ അസംതൃപ്തികൾ മറനീക്കി പുറത്ത് വരാൻ തുടങ്ങി. അൻവറിന്റെ മുമ്പിൽ വാതിലടച്ച് കുറ്റിയിട്ടിട്ടില്ലായെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന ഇതിന്റെ ആദ്യ വെട്ടി പൊട്ടിക്കലാണ്.
സ്വരാജിന്റെ സ്ഥാനാർഥിത്വം ഇടതുക്യാമ്പിൽ തുടക്കത്തിൽ ആവേശമുണ്ടാക്കിയെങ്കിലും വോട്ടർമാരിൽ മതിപ്പുണ്ടാക്കാനായില്ല. പോത്തുകൽ പഞ്ചായത്തിലെ സ്വന്തം ബൂത്തിൽപ്പോലും സ്വരാജിന് മുന്നിലെത്താനായില്ല. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലും ആര്യാടൻ ഷൗക്കത്തിനാണ് ലീഡുണ്ടായത് .
1967 മുതൽ യുഡിഎഫിന്റെ കുത്തക മണ്ഡലം ആയിരുന്ന നിലമ്പൂരിൽ കഴിഞ്ഞ രണ്ട് ടേമുകളിലായി എൽഡിഎഫ് പിന്തുണയോടെ അൻവർ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളെ മാത്രം നിർത്തി പരീക്ഷണം നടത്തുകയായിരുന്നു ഇടതുമുന്നണി അതിനുമുമ്പ് ചെയ്തിരുന്നത് . പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ അവിടുത്തെ സിപിഎമ്മിനുള്ളിൽ അമർഷം പുകയുന്നുണ്ടായിരുന്നു. അതിന് പരിഹാരം ആയിട്ടാണ് പാർട്ടിസംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ തന്നെ സ്ഥാനാർത്ഥിയായി കണ്ടെത്തിയത്.
മണ്ഡലം പുനർനിർണയത്തിന് ശേഷം പപ്പാതി രാഷ്ട്രീയസ്വാധീനമാണ് ഇരു മുന്നണികൾക്കുമായി മണ്ഡലത്തിൽ ഉണ്ടായിരുന്നത് . എന്നാൽ ഇടതുമുന്നണിയിൽ ഉണ്ടായ വോട്ട് ചോർച്ച സജീവ ചർച്ചാവിഷയം ആകേണ്ടതാണ് . ഭരണത്തിന്റെ മേൽവിലാസത്തിൽ ഇവിടെ കീഴ്ഘടകമായ ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വരെ പണം സമ്പാദിച്ച് കോടിപതികൾ ആകുന്നു എന്ന പരാതികൾ നാടാകെ പരക്കുകയാണ് . നേതാക്കന്മാരുടെ അഹന്തയും അഹങ്കാരവും ജനങ്ങളെ പാർട്ടിയിൽ നിന്നും ആട്ടി അകറ്റുന്നതിന് കാരണമായിട്ടുണ്ട്. ഒരു ഇടതുപക്ഷ ഗവൺമെന്റ് സ്വീകരിക്കേണ്ട ജനപക്ഷ ബദൽ നയങ്ങൾ നടപ്പാക്കുന്നതിന് പകരം സ്വകാര്യ വിദേശ മൂലധനങ്ങൾക്ക് കീഴ്പ്പെടുന്ന സമീപനങ്ങളാണ് പിൻതുടർന്ന് വരുന്നത്. ഇതിൽ ഇടതുപക്ഷ ചിന്താഗതിക്കാരായ വോട്ടർമാർക്ക് ഖേദവും അമർഷവും ഉണ്ടെന്ന് തെളിയിക്കുന്നതാണ് നിലമ്പൂരിൽ ഉണ്ടായ വോട്ട് ചോർച്ച.