നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി
കൊച്ചി∙ കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കൈകഴുകി കപ്പൽ കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക വളരെ കൂടുതലാണെന്നും ഇതു നൽകാനാവില്ലെന്നും കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാനും ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം നിർേദശിച്ചു. വിഴിഞ്ഞം തുറുമുഖത്തുള്ള എംഎസ്‍സി അകിറ്റേറ്റ – II ഇന്ന് വരെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവും കോടതി നീട്ടിയിട്ടുണ്ട്.
സർക്കാർ വിവിധ വിഭാഗങ്ങളിലായി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് വൻ തുകയാണെന്ന് കപ്പൽ കമ്പനി വാദിച്ചു. ഇന്ധന ഓയിൽ ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്കു പ്രശ്നമൊന്നും സംഭവിച്ചിട്ടില്ല. പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്നം മാത്രമാണ്. മാത്രല്ല, കപ്പൽ മുങ്ങിയത് കേരളത്തിന്റെ സമുദ്രാതിർത്തിക്ക് ഉള്ളിലല്ല. അതിനാൽ കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ നഷ്ടപരിഹാരത്തിനായി സ്യൂട്ട് നൽകേണ്ടത്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങാണ് ഇക്കാര്യം ചെയ്യേണ്ടതെന്നും കപ്പൽ കമ്പനി വാദിച്ചു.
ഇക്കാര്യമാണ് ഇന്ന് കോടതിയിലും ഉന്നയിച്ചത്. ലൈബീരിയയിൽ റജിസ്റ്റർ ചെയ്ത എൽസ 3 മാരിടൈം കമ്പനിയാണ് കപ്പലിന്റെ ഉടമസ്ഥർ എന്നാണ് കമ്പനി പറയുന്നത്. പാനമയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന മൾട്ടി കണ്ടെയ്നർ മാനേജ്മെന്റ് (എംസിഎം) കമ്പനിക്ക് ബെയർബോട്ട് ചാർട്ടർ പ്രകാരം കപ്പൽ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. എംസിഎം കമ്പനി കപ്പൽ നിശ്ചിത കാലാവധിയുടെ അടിസ്ഥാനത്തിൽ ടൈം ചാർട്ടർ പ്രകാരം എംഎസ്‌സി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് വാടകയ്ക്കു നൽകിയിരിക്കുന്നു. എന്നാൽ കപ്പലിന്റെ സാങ്കേതിക കാര്യങ്ങളുടെയും രാജ്യാന്തര സുരക്ഷ കൈകാര്യം ചെയ്യുന്നതിന്റെയും ഉത്തരവാദിത്തം സൈപ്രസ് കേന്ദ്രമായ എംഎസ്‌സി ഷിപ് മാനേജ്മെന്റ് ലിമിറ്റഡിനാണ്.
കപ്പല്‍ മുങ്ങിയതിൽ ആകെ 9531 കോടി രൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽനിന്ന് കേവലം 13 നോട്ടിക്കൽ മൈൽ അകലെ മേയ് 25നാണ് എംഎസ്‍സി എൽസ 3 എന്ന ചരക്കുകപ്പൽ മുങ്ങിയത്. ഇതിൽ അപകടരമായ കാർഗോ അടക്കം 643 കണ്ടെയ്നറുകളാണുള്ളത്. ഈ അപകടത്തിലൂടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി – ജൈവ ആവാസ – മത്സ്യബന്ധന – പൊതുജനാരോഗ്യത്തിനു വൻ നഷ്ടമുണ്ടായി എന്നാണു കണക്കാക്കിയിരിക്കുന്നത്. തീരമേഖലയിൽ ഉണ്ടാക്കിയിട്ടുള്ള മലിനീകരണവും നാശനഷ്ടവും മത്സ്യബന്ധന മേഖലയ്ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം, അവശിഷ്ടങ്ങൾ നീക്കം ചെയ്യല്‍, മനുഷ്യവിഭവശേഷി തുടങ്ങിയ ഇനങ്ങളിൽ സർക്കാരിനുണ്ടായിട്ടുള്ള ചെലവ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. സമുദ്ര മേഖലയിൽ ഉണ്ടായിട്ടുള്ള പാരിസ്ഥിതിക നഷ്ടത്തിന് 8,626.12 കോടി രൂപയും പാരിസ്ഥിതിക സന്തുലനം നിലനിർത്താനുള്ള നടപടികൾക്ക് 378.48 കോടി രൂപയും മത്സ്യബന്ധന മേഖലയ്ക്കും മറ്റുമുണ്ടായിട്ടുള്ള നഷ്ടം നികത്താൻ 526.51 കോടി എന്നിങ്ങനെ കണക്കാക്കിയാണ് ആകെ 9531 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.