ബാങ്കിൽ ബീഫ് നിരോധിച്ച് മാനേജർ , ഫെസ്റ്റ് നടത്തി ജീവനക്കാരുടെ പ്രതിഷേധം
കൊച്ചിയിലെ കാനറ ബാങ്ക് ശാഖയിൽ ബീഫ് നിരോധിച്ച് ബാങ്ക് മാനേജർ. ബിഹാർ സ്വദേശിയായ മാനേജറാണ് ബാങ്കിന്റെ ഓഫീസിലും കാന്റീനിലും ബീഫ് നിരോധിച്ചത്. സംഭവത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)യുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയായിരുന്നു പ്രതിഷേധം.
അടുത്തിടെയാണ് മാനേജർ ചുമതലയേറ്റെടുത്തത്. മാനേജർ തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെതിരെ ബെഫിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജീവനക്കാർ. ഇതിനിടയിലാണ് കാന്റീനിൽ ബീഫ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജീവനക്കാർ അറിയുന്ന്. തുടർന്ന് ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാർ പ്രതിഷേധിക്കുകയായിരുന്നു. ബാങ്കിന്റെ ഓഫീസിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇവിടെ ഒരു ചെറിയ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്, അവിടെ ചില ദിവസങ്ങളിൽ ബീഫ് വിളമ്പാറുണ്ട്. ബീഫ് ഇനി വിളമ്പരുതെന്ന് മാനേജർ കാന്റീൻ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. ഭക്ഷണം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്ത്യയിൽ ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ഞങ്ങൾ ആരെയും ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നില്ല. ബീഫ് ഫെസ്റ്റ് ഞങ്ങളുടെ പ്രതിഷേധമാണ്,’ ഫെഡറേഷൻ നേതാവ് എസ്എസ് അനിൽ പറഞ്ഞു.