അരുണാചൽ അതിർത്തിയിൽ ചൈനയുടെ വമ്പൻ അണക്കെട്ട്
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ചൈന. 167.8 ബില്യൺ ഡോളറിന്റെ ചിലവ് വരുന്ന അണക്കെട്ടിന്റെ നിർമ്മാണമാണ് ചൈന ഔദ്യോഗികമായി ഇന്നലെ മുതൽ ആരംഭിച്ചത്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയായ യാർലുങ് സാങ്‌ബോയിൽ, ന്യിങ്‌ചി സിറ്റിയിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചതായി ചടങ്ങിൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിബറ്റിൽ യാർലുങ് സാങ്‌പോ എന്നും ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും അറിയപ്പെടുന്ന നദിയിലെ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ ബീജിംഗ് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചത്.
രാജ്യത്തിന്റെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളുമായും ടിബറ്റ് മേഖലയിലെ സാമ്പത്തിക ലക്ഷ്യങ്ങളുമായും യോജിച്ചു പോവുന്നതാണ് ചൈനയുടെ പുതിയ നീക്കം. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രാഥമികമായി മറ്റ് പ്രദേശങ്ങളിലേക്ക് ഉപഭോഗത്തിനായി കൈമാറും, അതോടൊപ്പം ടിബറ്റിലെ പ്രാദേശിക വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിർമ്മാണം പൂർത്തിയായാൽ, മധ്യ ചൈനയിലെ യാങ്‌സി നദിയിലെ റെക്കോർഡ് തകർത്ത ത്രീ ഗോർജസ് അണക്കെട്ടിനെക്കാൾ വലിയ സംവിധാനമായിരിക്കും ഈ അണക്കെട്ട്. കൂടാതെ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ഇത് ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
അഞ്ച് ജലവൈദ്യുത നിലയങ്ങൾ നിർമ്മിക്കുന്നതാണ് പദ്ധതി. മൊത്തം നിക്ഷേപം ഏകദേശം 1.2 ട്രില്യൺ യുവാൻ (167.1 ബില്യൺ ഡോളർ) ആയിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടിബറ്റിലെ പദ്ധതിയെക്കുറിച്ച് ജനുവരിയിൽ ചൈനയോട് ആശങ്ക പ്രകടിപ്പിച്ചതായും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ നിരീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയിലുള്ള സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുകൾ ഭാഗത്തുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പുതുതായി പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല
ഇതിന് പിന്നാലെ പദ്ധതിക്ക് അംഗീകാരം നൽകിയ ഡിസംബറിൽ, ബീജിംഗിന്റെ വിദേശകാര്യ മന്ത്രാലയം പദ്ധതി താഴ്‌വരയിൽ ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് പറഞ്ഞിരുന്നു. കൂടാതെ ചൈന നദിയുടെ താഴ്ന്ന ഭാഗങ്ങളിലുള്ള രാജ്യങ്ങളുമായി ആശയവിനിമയം നിലനിർത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തിരുന്നു. ഈ ആശങ്കകൾ ഇപ്പോഴും മേഖലയിൽ നിലനിൽക്കുന്നുണ്ട്.
കൂടാതെ പരിസ്ഥിതി ലോലമായ ടിബറ്റൻ പീഠഭൂമിയിൽ ഇത്തരം വൻ പദ്ധതികൾ വരുത്തുന്ന തിരിച്ചടികൾ നികത്താനാവാത്തതാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും മുന്നോട്ട് തന്നെ പോവാനാണ് ചൈനയുടെ തീരുമാനം. മേഖലയിലെ മുഖ്യ എതിരാളി കൂടിയായ ഇന്ത്യക്കുള്ള മുന്നറിയിപ്പ് എന്ന് കൂടി ചിലർ ഇതിനെ വായിച്ചെടുക്കുന്നുണ്ട്.
ഏഷ്യയിലെ വൻ ശക്തികളായ ഇന്ത്യയും ചൈനയും ആയിരക്കണക്കിന് കിലോമീറ്റർ അതിർത്തികൾ പങ്കിടുന്നുണ്ട്. അവിടെ പലയിടത്തും കാര്യമായ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാന ഇടമാണ് അരുണാചൽ പ്രദേശ് ഉൾപ്പെടുന്ന മേഖല. അവിടെ ഇരുവശത്തും പതിനായിരക്കണക്കിന് സൈനികരെ ഇരുകൂട്ടരും വിന്യസിച്ചിട്ടുണ്ട്.