സി.വി. പത്മരാജൻ; നിശ്ചയദാർഢ്യവും സൗമ്യതയും കൈമുതലാക്കിയ നേതാവ്
ദേശീയപ്രസ്ഥാനത്തിന്റെയും നവോത്ഥാന സംസ്കാരത്തിന്റെയും ഏറ്റവും നല്ല മൂല്യങ്ങളുൾക്കൊണ്ട നേതാവായിരുന്നു സി.വി പത്മരാജൻ. വ്യക്തമായ കാഴ്ചപ്പാടും സുദൃഢമായ നിലപാടുകളുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതേസമയം ആദർശങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത അദ്ദേഹം ഏതു പ്രതികൂല സാഹചര്യത്തിലും സൗമ്യത കൈവെടിഞ്ഞിരുന്നില്ല.
നിയമത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന മികച്ച അഭിഭാഷകനും ധനകാര്യമന്ത്രി എന്ന നിലയിൽ കഴിവു തെളിയിച്ച ധനകാര്യ വിദഗ്ധനുമായിരുന്നു. പി.രവീന്ദ്രനെയും ഇ.ചന്ദ്രശേഖരൻ നായരെയുംപോലെ കൊല്ലം ജില്ലയിൽ കരുത്തുറ്റ സഹകരണപ്രസ്ഥാനം പടുത്തുയർത്തുന്നതിൽ പത്മരാജനും വലിയ പങ്കു വഹിച്ചു.
കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലും ധനകാര്യമന്ത്രി എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച സി.വി പത്മരാജന് വ്യത്യസ്ത നിലപാടുകളുടെ പേരിൽ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനുമായി ശക്തമായി വിയോജിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ഘട്ടത്തിലും പദവി സംരക്ഷിക്കാൻവേണ്ടി സ്വന്തം മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യാൻ അദ്ദേഹം തയ്യാറായില്ല.
“സി.പി പത്മരാജന്റെ ഔന്നത്യവും സമചിത്തതയും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു സന്ദർഭം മറക്കാനാവില്ല. ശിവദാസമേനോന്റെ ബജറ്റിനെക്കുറിച്ച് ഒരു മീറ്റിംഗ്. കൊല്ലത്ത് പബ്ലിക് ലൈബ്രറി ഹാളിൽ. എൽ.ഡി.എഫിനു വേണ്ടി തോമസ് ഐസക്കും യു.ഡി.എഫിനുവേണ്ടി സി.വി പത്മരാജനും സംസാരിക്കുമെന്നാണ് അറിയിപ്പ്. സാമാന്യം നല്ല ഓഡിയൻസ്. പല തിരക്കുകൾ കാരണം തോമസ് ഐസക്കിന് വരാൻ കഴിഞ്ഞില്ല. സി.വി പത്മരാജൻ സമയത്തുതന്നെ എത്തി. എൽ.ഡി.എഫിന്റെ ഭാഗം പറയാൻ ആരെയെങ്കിലും കണ്ടെത്താനുള്ള ശ്രമത്തിൽ സംഘാടകർ മീറ്റിംഗ് കേൾക്കാൻ എത്തിയിരുന്ന ഡോ.എൻ.ജയദേവനെയും എന്നെയുമൊക്കെ സമീപിച്ചു. ആദ്യമൊക്കെ ഒഴിഞ്ഞെങ്കിലും സമ്മർദ്ദം താങ്ങാനാകാതെ വന്നപ്പോൾ ജയദേവൻ, ഞങ്ങൾ രണ്ടു പേർ സംസാരിക്കാം എന്ന ഉപാധിയോടെ വഴങ്ങി. പത്മരാജൻ അരമണിക്കൂർ സംസാരിക്കും. ജയദേവനും ഞാനും 15 മിനുട്ട് വീതം. ബജറ്റിനെ നന്നായി അപഗ്രഥിച്ച് സി.വി പത്മരാജൻ സംസാരിച്ചു. ഞങ്ങൾ വായിൽ തോന്നിയതൊക്കെ പറഞ്ഞു. ഒരു നീരസവും ഭാവിക്കാതെ തുല്യരോടെന്നതുപോലെ ഞങ്ങളോട് പെരുമാറിയ ആ വലിയ മനുഷ്യനോട് അതിരറ്റ ബഹുമാനം തോന്നി. ആ ബഹുമാനം അതേ അളവിൽ എന്നും നിലനിന്നു.
അഭിവന്ദ്യനായ സി.വി പത്മരാജന് ആദരാഞ്ജലി.”
(ടി.കെ വിനോദൻ FB- യിൽ കുറിച്ചത് – Editor )