ചൈനയിൽ പുതിയ വൈറസ് ഭീഷണി; ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV); കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു
എച്ച്എംപിവി വൈറസിനെ പ്രതിരോധിക്കാൻ പ്രത്യേക വാക്‌സിനോ ചികിത്സയോ നിലവിൽ ഇല്ലാത്തതിനാൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലൂടെ രോഗബാധ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV) വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ ഉയരുന്ന സാഹചര്യത്തിൽ, കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ചൈനയിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സമയോചിതമായി ലഭ്യമാക്കുവാൻ ഇന്ത്യ, ലോകാരോഗ്യ സംഘടന (WHO) യോട് ആവശ്യപ്പെട്ടുണ്ട്
ശ്വാസകോശ അണുബാധകൾക്ക് കാരണമാകുന്ന ഈ വൈറസ്, ജലദോഷം, പനി, ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രായമുള്ളവരിലും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാവുന്നുവെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൈകൾ നന്നായി കഴുകുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
ഇതിനിടെ, ചൈനയിൽ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുകയാണെന്നും, ആരോഗ്യ സംവിധാനങ്ങൾ സമ്മർദ്ദത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണ ശ്വാസകോശ വൈറസ് അണുബാധ മാത്രമാണിതെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എച്ച്എംപിവി വൈറസിനെ പ്രതിരോധിക്കാൻ പ്രത്യേക വാക്‌സിനോ ചികിത്സയോ നിലവിൽ ഇല്ലാത്തതിനാൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലൂടെ രോഗബാധ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.