സി.പി.എം.നേതൃയോഗങ്ങൾ തുടങ്ങി; എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം.
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ . മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സെക്രട്ടറി എം വി ഗോവിന്ദൻ റെ ആർഎസ്എസ് ബാന്ധവം സംബന്ധിച്ച പ്രസ്താവന അനൗചിത്യവും അനവസരത്തിലും ആണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ് യോഗത്തിൽ തുറന്നടിച്ചു. കെ എൻ ബാലഗോപാലും എം ബി രാജേഷും രൂക്ഷമായ വിമർശനം നടത്തിയെന്നാണ് അറിയുന്നത്.
എഡിജിപി എം ആർ അജിത് കുമാറിനെ അനാവശ്യമായി സംരക്ഷിക്കുന്നതിലും പ്രമോട്ട് ചെയ്യുന്നതിലും പൊതുവെ സെക്രട്ടറിയേറ്റ് യോഗത്തിൽ അമർഷവും വിമർശനങ്ങളും ഉയർന്നു വന്നതായി റിപ്പോർട്ട് ഉണ്ട് . നിലമ്പൂരിൽ പി വി അൻവർ പിടിച്ച വോട്ടുകൾ സിംഹഭാഗവും സിപിഎം അണികളുടേതാണ് എന്ന അഭിപ്രായവും യോഗത്തിൽ ഉണ്ടായി. അതിനാൽ പതിനാലായിരത്തിലധികം വോട്ടുകൾ ചോർന്നതായും യോഗത്തിൽ വിലയിരുത്തി .
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ , സർക്കാരിന്റെയും പാർട്ടിയുടെയും മുഖച്ഛായ വികൃതമായി കൊണ്ടിരിക്കുന്നത് സെക്രട്ടറിയേറ്റ് യോഗത്തിൽ പൊതുവേ ആശങ്ക ഉയർത്തിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സംഘടന വിഷയങ്ങൾ കൂലംകഷമായ ചർച്ചയ്ക്ക് വിധേയമാകുമെന്ന് അറിയുന്നു . നാളെയും മറ്റന്നാളും ചേരാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വിമർശനങ്ങൾ കടുക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .