വാടക വീട്ടിൽ യുവതിയുടെ മൃതദേഹം; ദുരൂഹമെന്ന് പോലീസ്
തൃശൂർ വരന്തരപ്പിള്ളിയിൽ യുവതി മരിച്ച നിലയിൽ. കണ്ണാറ കരടിയള സ്വദേശി കുഞ്ഞുമോൻ്റെ ഭാര്യ 34 വയസ്സുള്ള ദിവ്യ ആണ് മരിച്ചത്. സംഭവം കൊലപാതകമാണോയെന്ന സംശയത്തെ തുടർന്ന് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.നെഞ്ച് വേദനയെത്തുടർന്നാണ് മരിച്ചതെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു.
യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ദിവ്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ഇൻക്വസ്റ്റ് ചെയ്യുന്നതിനിടെയാണ് സംശയം തോന്നിയത്. തുടർന്ന് കുഞ്ഞുമോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തി.
ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സംശയം. തുണിക്കടയിൽ സെയിൽസ് ഗേളായിരുന്നു ദിവ്യ. ചുമട്ടുതൊഴിലാളിയാണ് കുഞ്ഞുമോൻ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞുമോനും ദിവ്യയ്ക്കും ഒരു മകനുണ്ട്.