നടിയെ ആക്രമിച്ച കേസ്: വിചാരണ അന്തിമ ഘട്ടത്തിലേക്ക്….. ദിലീപിന്റെ വിധിയെന്താകും
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വൈകാതെ തന്നെ വിധിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ ഇപ്പോഴിതാ പ്രോസിക്യൂഷന്റെ സുപ്രധാന ആവശ്യത്തിന് അവസാന ഘട്ടത്തിൽ കോടതി അനുമതി നൽകിയിരിക്കുകയാണ്. കോടതിയിൽ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷം നീണ്ട വിചാരണയാണ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. വിചാരണക്കിടയിൽ വാദിഭാഗവും പ്രതിഭാഗവും നിരവധി ഹർജികളുമായി മേൽ കോടതികളെ സമീപിച്ചതോടെ കേസ് നീണ്ട് പോകുകയായിരുന്നു. പ്രതിഭാഗമാണ് കേസ് നീട്ടിക്കൊണ്ട് പോകുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപിച്ചത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ളതുൾപ്പെടെ 60 ഓളം ഹർജികളിൽ എട്ടാം പ്രതിയായ ദിലീപ് മാത്രം നൽകിയിട്ടുണ്ട്.
അതേസമയം കൂടുതൽ വാദം അവതരിപ്പിക്കാനുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇക്കാര്യങ്ങളിൽ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിനും അവസരം ലങിക്കും. ഈ സാഹചര്യത്തിൽ വിചാരണ വീണ്ടും നീണ്ട് പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
2017 ലാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഓടുന്ന കാറിൽ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. രണ്ട് ദിവസത്തിന് പിന്നാലെ കേസിലെ പ്രധാന പ്രതിയായ പൾസർ സുനി അറസ്റ്റിലായി. കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ നാടകീയമായിട്ടായിരുന്നു പോലീസ് പിടികൂടിയത്. സുനി പിടിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞാണ് നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് നടന്റെ അറസ്റ്റ്. തുടർന്ന് 85 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കിടന്നത്. പിന്നീട് കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് കേസിൽ ജാമ്യം ലഭിച്ചത്.
ദിലീപാണ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് കേസ്. അടുത്തിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പൾസർ സുനി ഇക്കാര്യം ആവർത്തിച്ചിരുന്നു. റിപ്പോർട്ടർ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് സുനി ദിലീപിന് പങ്കുണ്ടെന്ന് പറഞ്ഞത്. ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയത് എന്നാണ് സുനി വെളിപ്പെടുത്തിയത്. ഇതിൽ 80 ലക്ഷത്തോളം രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ബാക്കി തുക കിട്ടാനുണ്ടെന്നും സുനി പറഞ്ഞു.
കടുംബം തകർത്തതാണ് ദിലീപിന് നടിയോടുള്ള പകയ്ക്ക് കാരണം. സംഭവം നടന്ന ദിവസം എല്ലാ കാര്യങ്ങളും ദിലീപ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. തത്സമയം നടൻ വിവരങ്ങൾ അറിയുന്നുണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചത്. പലതവണ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം.
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് നടിയെ പൾസർ സുനിയും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. വാഹനത്തിൽ വെച്ച് ആക്രമിക്കാൻ പോകുന്ന കാര്യം നടിയെ അറിയിച്ചിരുന്നതായി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. നടിയോട് ഇക്കാര്യം പറഞ്ഞപ്പോൾ ഉപദ്രവിക്കരുതെന്നും എത്ര പണം വേണമെങ്കിലും നൽകാമെന്നും നടി പറഞ്ഞിരുന്നു. അന്നത് കേട്ടിരുന്നെങ്കിൽ താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടേനെ എന്നാണ് സുനി തുറന്ന് പറഞ്ഞത്.
സ്വാഭാവികമായ രീതിയിൽ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുമെന്ന് നടിയെ ഭീഷണിപ്പെടുത്തിയതായും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘം നേരിട്ട പ്രധാന വെല്ലുവിളി കേസിലെ സുപ്രധാന തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ലഭിച്ചില്ലെന്നതാണ്. പകർപ്പാണ് പോലീസിന് ലഭിച്ചത്. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകള്‍ എടുത്തിട്ടുണ്ടെന്ന് നേരത്തേ സുനി വെളിപ്പെടുത്തയിരുന്നു.